ഡൽഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഉണ്ടായ വൻ സാങ്കേതിക തകരാറിനെ തുടർന്ന് ഏകദേശം 700 വിമാനങ്ങൾ വൈകി. എയർ ട്രാഫിക് കൺട്രോൾ (ATC) സംവിധാനത്തിൽ ഉണ്ടായ സങ്കേതിക തകരാറാണ് ഇതിന് കാരണം എന്ന് ഫ്ലൈട്രാഡാർ24 ഡാറ്റ പറയുന്നു. ATC ഡാറ്റ കൈകാര്യം ചെയ്യുന്ന ഓട്ടോമാറ്റിക് മെസേജ് സ്വിച്ചിംഗ് സിസ്റ്റം (AMSS) പുനഃസ്ഥാപിക്കാൻ സാങ്കേതിക സംഘം ശ്രമിക്കുന്നുണ്ടെന്ന് എയർപോർട്ട്സ് അതോറിറ്റി ഓഫ് ഇന്ത്യ (AAI) അറിയിച്ചു. യാത്രക്കാർ വിമാനത്താവളത്തിലെത്തുന്നതിന് മുൻപ് തങ്ങളുടെ വിമാനങ്ങളുടെ തത്സമയ വിവരങ്ങൾ പരിശോധിക്കണമെന്നും അധികൃതർ അറിയിച്ചു.
ഇൻഡിഗോ, എയർ ഇന്ത്യ, സ്പൈസ്‌ജെറ്റ് അടക്കം പ്രധാന എയർലൈൻസുകളുടെ സർവീസുകൾക്കും പ്രശ്നം ബാധിച്ചു. ജീവനക്കാർ യാത്രക്കാർക്ക് സഹായം നൽകുന്നുവെന്ന് എയർലൈൻസുകൾ വ്യക്തമാക്കി. അതേസമയം, മുംബൈയിലെ ഛത്രപതി ശിവാജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളം, സർദാർ വല്ലഭായ് പട്ടേൽ അന്താരാഷ്ട്ര വിമാനത്താവളം എന്നിവിടങ്ങളിലെ വിമാന പ്രവർത്തനങ്ങളെയും ബാധിച്ചതായി ഫ്ലൈറ്റ്റാഡാർ 24 ൽ നിന്നുള്ള ഡാറ്റ കാണിക്കുന്നു.
സാങ്കേതിക തകരാറിനെ തുടർന്ന് എയർ ട്രാഫിക് കൺട്രോളർമാർ വിമാനം നിയന്ത്രിക്കുന്നത് മാനുവലായി നടത്തേണ്ടി വന്നതും കൂടുതൽ വൈകലിന് കാരണമായതായും റിപ്പോർട്ടുകളുണ്ട്. രാജ്യത്തിലെ ഏറ്റവും തിരക്കേറിയ ഡൽഹി വിമാനത്താവളത്തിൽ ദിവസേന 1,500-ത്തിലധികം വിമാനങ്ങളാണ് നിയന്ത്രിക്കുന്നത്.
Technical glitch at Delhi airport; Nearly 700 flights delayed, all airlines affected












