
കൊച്ചി: കൊച്ചിയിൽ നിന്ന് വെള്ളിയാഴ്ച രാത്രി യാത്ര തിരിച്ച ഇൻഡിഗോ വിമാനം ശനിയാഴ്ച പുലർച്ചെ കൊച്ചി വിമാനത്താവളത്തിൽ തന്നെ തിരിച്ചിറക്കി. രണ്ടുമണിക്കൂർ പറന്ന ശേഷമാണ് അബുദാബിയിലേക്ക് തിരിച്ച യാത്രാവിമാനം സാങ്കേതിക തകരാറിനെ തുടർന്ന് യാത്ര റദ്ദാക്കി തിരിച്ചിറക്കിയത്. വിമാനത്തിൽ 180 ലേറെ യാത്രക്കാരും ആറ് ക്രൂ അംഗങ്ങളും ഉണ്ടായിരുന്നു.
വിമാനത്തിലുണ്ടായിരുന്ന യാത്രക്കാർക്കായി മറ്റൊരു വിമാനം സജ്ജമാക്കി നൽകി. ഈ വിമാനം 3:30 ഓടെ അബുദാബിയിലേക്ക് യാത്ര തിരിച്ചു. സംഭവത്തെകുറിച്ച് ഇതുവരെ വിമാനക്കമ്പനി ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. അതേസമയം കൊച്ചിയിൽ നിന്ന് അബുദാബിയിലേക്ക് പോയ വിമാനം പാതിവഴിയിൽ യാത്ര റദ്ദാക്കി മടങ്ങിയതായി ഫ്ളൈറ്റ് ട്രാക്കിങ് വെബ്സൈറ്റായ ഫ്ളൈറ്റ്റഡാർ 24 സ്ഥിരീകരിച്ചിട്ടുണ്ട്.