ദുബായ്: ദുബായ് എയർഷോ 2025-ൽ ഇന്ത്യൻ വ്യോമസേനയുടെ തേജസ് Mk-1 യുദ്ധവിമാനം തകർന്നുവീണ ദാരുണാപകടത്തിൽ വീരമൃത്യു വരിച്ചത് വിംഗ് കമാൻഡർ നമനഷ് സ്യാൽ (39). ഹിമാചൽ പ്രദേശിലെ കാങ്ര ജില്ലയിൽ പാലമ്പൂർ സ്വദേശിയാണ് അദ്ദേഹം. ശനിയാഴ്ച ഉച്ചയ്ക്ക് 2.10-ഓടെ (ദുബായ് സമയം) അൽ മക്തൂം അന്താരാഷ്ട്ര വിമാനത്താവളത്തിനു സമീപം സോളോ ഏരിയൽ ഡിസ്പ്ലേ നടത്തുന്നതിനിടെ വിമാനം നിയന്ത്രണം വിട്ട് താഴേക്ക് പതിക്കുകയായിരുന്നു.
വെർട്ടിക്കൽ ക്ലൈംബിനിടെ സ്റ്റാൾ ആയ വിമാനം കരണംമറിഞ്ഞ് റൺവേയ്ക്ക് സമീപം സ്ഫോടനത്തോടെ തകർന്നു. പൈലറ്റിന് രക്ഷപ്പെടാൻ സാധിച്ചില്ല. ഇന്ത്യൻ വ്യോമസേന അപകടം സ്ഥിരീകരിച്ചു. അപകടത്തിന്റെ കാരണം ഇതുവരെ വ്യക്തമല്ലാത്ത സാഹചര്യത്തിൽ ഇന്ത്യയും യുഎഇയും ചേർന്ന് സംയുക്ത അന്വേഷണസമിതി രൂപീകരിച്ചു.
പ്രതിരോധമന്ത്രി രാജ്നാഥ് സിങ്, ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് ജനറൽ അനിൽ ചൗഹാൻ, വ്യോമസേന മേധാവി എയർ ചീഫ് മാർഷൽ എ പി സിങ് തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി. “വിംഗ് കമാൻഡർ നമനഷ് സ്യാലിന്റെ കുടുംബത്തിന്റെ ദുഃഖത്തിൽ പൂർണമായി പങ്കുചേരുന്നു” എന്ന് രാജ്നാഥ് സിങ് എക്സിൽ കുറിച്ചു. അപകടത്തെത്തുടർന്ന് ദുബായ് എയർഷോയിലെ ഉച്ചയ്ക്കുശേഷമുള്ള എല്ലാ വ്യോമപ്രകടനങ്ങളും റദ്ദാക്കി.













