ന്യൂഡൽഹി: ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്‌സ് ലിമിറ്റഡ് (എച്ച്എഎൽ) നിർമിച്ച രണ്ട് തേജസ് മാർക്ക് 1 എ യുദ്ധവിമാനം സെപ്‌തംബർ അവസാനത്തോടെ വ്യോമസേനയ്ക്ക് ലഭ്യമാക്കുമെന്ന് പ്രതിരോധ സെക്രട്ടറി ആർ കെ സിങ് അറിയിച്ചു. തേജസ് യുദ്ധവിമാനം സമയത്ത് നിർമിച്ചുനൽകാത്തതിൽ വ്യോമസേനാ മേധാവി അമർപ്രീത് സിങ് എച്ച്എഎല്ലിനെ നേരത്തെ വിമർശിച്ചിരുന്നു. 48000 കോടി രൂപ മുതൽമുടക്കിൽ 83 തേജസ് വിമാനം വാങ്ങാൻ 2021 ഫെബ്രുവരിയിലാണ് കരാറായത്. 38 വിമാനങ്ങൾ കൈമാറി. വിമാനങ്ങൾക്ക് എൻജിൻ എത്തിക്കുന്ന യുഎസ് കമ്പനിയായ ജിഇ എയ്റോസ്പേസാണ്. എൻജിനുകൾ കൃത്യമായ ഇടവേളകളിൽ കൈമാറുന്നതിൽ ജിഇയ്ക്കുവീഴ്ചയുണ്ടായി. അതാണ് പദ്ധതി വൈകാൻ കാരണമെന്ന് എച്ച്എഎൽ പറഞ്ഞു.
അതേസമയം കേന്ദ്ര സർക്കാർ 97 തേജസ് യുദ്ധവിമാനങ്ങളുടെ ഒരു അധിക ബാച്ച് കൂടി വാങ്ങാനൊരുങ്ങുകയാണ്. ഏകദേശം 67,000 കോടി രൂപ ചെലവിൽ 97 തേജസ് യുദ്ധവിമാനങ്ങള്‍ക്കുള്ള കരാറിനാണ് ധാരണ. രണ്ട് തേജസ് വിമാനങ്ങള്‍ എത്തിച്ചതിനുശേഷം മാത്രമേ എച്ച്എഎല്ലുമായി പുതിയ കരാറിൽ ഒപ്പിടുകയുള്ളൂവെന്നും നാലോ അഞ്ചോ വർഷത്തേക്കായിരിക്കും കരാർ കാലാവധിയെന്നും പ്രതിരോധ സെക്രട്ടറി വ്യക്തമാക്കി. വ്യോമ പ്രതിരോധം, സമുദ്ര നിരീക്ഷണം, ആക്രമണ പ്രവർത്തനങ്ങൾ എന്നിവയിൽ സുഖോയ്‌ക്കൊപ്പം പ്രവർത്തിക്കാൻ കഴിവുള്ളവ തേജസ് സിംഗിൾ എഞ്ചിൻ മൾട്ടി-റോൾ ഫൈറ്റർ വിമാനമാണ്.












