
ഹൈദരാബാദ് : ഇന്നലെ യുഎസില്‍ നടന്ന തിരഞ്ഞെടുപ്പില്‍ വെര്‍ജീനിയ ലെഫ്. ഗവര്‍ണറായി തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യന്‍ വംശജ ഗസാല ഹാഷ്മിയെ അഭിനന്ദിച്ച് തെലങ്കാന മുഖ്യമന്ത്രി എ. രേവന്ത് റെഡ്ഡി. ഹൈദരാബാദില്‍ ജനിച്ച ഗസാല ഹാഷ്മിയുടെ വിജയം ഹൈദരാബാദിനും ഇന്ത്യന്‍ പ്രവാസികള്‍ക്കും അഭിമാനകരമായ നിമിഷമാണെന്ന് അദ്ദേഹം സന്തോഷം പങ്കുവെച്ചു.
ഭാരത് രാഷ്ട്ര സമിതി (ബിആര്‍എസ്) നേതാവും മുന്‍ തെലങ്കാന മന്ത്രിയുമായ കെ. ടി. രാമറാവുവും ഗസാല ഹാഷ്മിയുടെ വിജയത്തെ പ്രശംസിച്ചു. ജനാധിപത്യത്തിലെ വൈവിധ്യത്തിന്റെ ആഘോഷമാണിതെന്നായിരുന്നു ഈ വിജയത്തെ അദ്ദേഹം വിശേഷിപ്പിച്ചത്. ”മലക്‌പേട്ടില്‍ നിന്ന് വിര്‍ജീനിയയിലേക്ക് – ഇത് വളരെ മികച്ചതാണ്,” അദ്ദേഹം എക്സില്‍ കുറിച്ചു.
15-ാമത് സെനറ്റോറിയൽ ഡിസ്ട്രിക്റ്റിനെ പ്രതിനിധീകരിക്കുന്ന വിർജീനിയ സെനറ്റിൽ സേവനമനുഷ്ഠിക്കുന്ന ആദ്യ മുസ്ലീമും ആദ്യത്തെ ദക്ഷിണേഷ്യൻ അമേരിക്കക്കാരിയുമാണ് ഹാഷ്മി. ഇരുപത് വർഷത്തോളം റിച്ച്മോണ്ട് റയ്നോൾഡ് കമ്മ്യൂണി കോളജിൽ ലിറ്ററേച്ചർ പ്രഫസറായിരുന്നു ഹഷ്മി. 2019 ൽ അവർ രാഷ്ട്രീയത്തിൽ പ്രവേശിച്ചു. ഒരു അട്ടിമറി വിജയത്തിൽ, റിപ്പബ്ലിക്കൻ കൈവശം വച്ചിരുന്ന ഒരു സംസ്ഥാന സെനറ്റ് സീറ്റ് പിടിച്ചെടുത്താണ് വിർജീനിയ ജനറൽ അസംബ്ലിയിലേക്ക് അവർ തിരഞ്ഞെടുക്കപ്പെട്ടത്.
1964-ൽ ഹൈദരാബാദിൽ സിയ ഹാഷ്മിക്കും തൻവീർ ഹാഷ്മിക്കും ജനിച്ച ഗസാല തന്റെ ബാല്യകാലം മലക്പേട്ടിലെ തന്റെ അമ്മയുടെ കുടുംബത്തോടൊപ്പമാണ് ചെലവഴിച്ചത്. നാല് വയസ്സുള്ളപ്പോൾ അവർ അമ്മയ്ക്കും മൂത്ത സഹോദരനുമൊപ്പം ഇന്ത്യയിൽ നിന്ന് അമേരിക്കയിലേക്ക് കുടിയേറി. ജോർജിയയിലാണ് അവർ വളർന്നത്. ഹഷ്മി ജോർജിയ സതേൺ യൂണിവേഴ്സിറ്റിയിൽ നിന്നും ഡിഗ്രിയും അറ്റ്ലാന്റാ എംറോയ് യൂണിവേഴ്സിറ്റിയിൽ നിന്നും ഡോക്ടറേറ്റും നേടിയിട്ടുണ്ട്. 1991-ൽ, ഹാഷ്മി ഭർത്താവ് അസ്ഹർ റഫീഖിനൊപ്പം റിച്ച്മണ്ടിലേക്ക് താമസം മാറി. ദമ്പതികൾക്ക് യാസ്മിൻ, നൂർ എന്നീ രണ്ട് പെൺമക്കളുണ്ട്.
Telangana CM congratulates Ghazala Hashmi on being elected as Virginia Lt. Governor










