ഒപ്പം താമസിക്കുന്നയാളെ കുത്തിപ്പരുക്കേല്‍പ്പിച്ചു: ഇന്ത്യക്കാരൻ യുഎസിൽ പൊലീസിൻറെ വെടിയേറ്റ് മരിച്ചു; കൊല്ലപ്പെട്ടത് ഐടി ജീവനക്കാരൻ, വംശീയ വിവേചനമെന്ന് കുടുംബം

കാലിഫോര്‍ണിയ: അമേരിക്കയില്‍ ഇന്ത്യന്‍ യുവാവ് പൊലീസിന്റെ വെടിയേറ്റ് മരിച്ചു. തെലങ്കാന സ്വദേശിയായ ഐടി ജീവനക്കാരന്‍ മുഹമ്മദ് നിസാമുദ്ദീന്‍ (30) ആണ് കൊല്ലപ്പെട്ടത്. കാലിഫോര്‍ണിയയിലെ സാന്താ ക്ലാരയില്‍ ഈമാസം മൂന്നിനാണ് സംഭവം. ഒപ്പം താമസിച്ചിരുന്നയാളുമായുണ്ടായ സംഘര്‍ഷത്തിനിടെയാണ് യുവാവിനെതിരെ പൊലീസ് വെടിയുതിര്‍ത്തതെന്നാണ് വിവരം.

തെലങ്കാനയിലെ മഹബൂബ്നഗര്‍ സ്വദേശിയാണ് മുഹമ്മദ് നിസാമുദ്ദീന്‍. ഇയാളും ഒപ്പം താമസിച്ചിരുന്ന വ്യക്തിയുമായി കലഹമുണ്ടാകുകയും വിവരം അറിഞ്ഞ് പൊലീസ് എത്തുകയുമായിരുന്നു. തുടര്‍ന്നാണ് പൊലീസ് വെടിവയ്പ്പുണ്ടായതും നിസാമുദ്ദീന്‍ കൊല്ലപ്പെട്ടതും. വീടിനുള്ളില്‍ കത്തിയുമായി കണ്ടെത്തിയതിനെ തുടര്‍ന്ന് യുവാവിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് സാന്താ ക്ലാര പൊലീസ് പറഞ്ഞു. റൂംമേറ്റിന് നിരവധി പരുക്കുപറ്റിയിരുന്നുവെന്നും നിസാമുദ്ദീന്‍ അദ്ദേഹത്തെ പിടിച്ചുവെച്ചിരിക്കുകയായിരുന്നുവെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. നിസാമുദ്ദീനും ഒപ്പം താമസിച്ചിരുന്നവരും തമ്മിലുള്ള തര്‍ക്കം അക്രമാസക്തമായ ആക്രമണത്തിലേക്ക് നീങ്ങിയതായും തുടര്‍ന്നാണ് പൊലീസിന് വെടിയുതിര്‍ക്കേണ്ടി വന്നതെന്നുമാണ് ലഭ്യമാകുന്ന വിവരം. കൊലപാതകവുമായി ബന്ധപ്പെട്ട് പൊലീസ് വിശദമായ അന്വേഷണം നടത്തുകയാണ്. അതേസമയം, മകന്റെ മരണം വംശീയ വിവേചനത്തെ തുടര്‍ന്നാണെന്ന് യുവാവിന്റെ പിതാവ് ആരോപിച്ചു.

More Stories from this section

family-dental
witywide