
മോസ്കോ: ലോകത്തിലെ ഏറ്റവും ജനപ്രിയമായ മെസേജിങ് ആപ്ലിക്കേഷനുകളിൽ ഒന്നായ ടെലിഗ്രാമിന്റെ സ്ഥാപകനും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ പവൽ ദുറോവ് തന്റെ മുഴുവൻ സമ്പത്തും തന്റേതാണെന്ന് അവകാശപ്പെടുന്ന നൂറിലധികം കുട്ടികൾക്ക് നൽകുന്നു. ഫ്രാൻസിലെ ലെ പോയിന്റ് മാഗസിന് നൽകിയ അഭിമുഖത്തിലാണ് പവൽ ഇക്കാര്യം വെളിപ്പെടുത്തിയത്. ബീജദാനത്തിലൂടെ തനിക്ക് ജനിച്ച 100 കുട്ടികൾക്ക് ഏകദേശം 20 ബില്യൺ ഡോളർ സമ്പത്താണ് വിട്ടുകൊടുക്കാൻ താൻ ആഗ്രഹിക്കുന്നുവെന്നാണ് ദുറോവ് പറഞ്ഞത്.
ശതകോടീശ്വരനായ ദുറോവ് കഴിഞ്ഞ പതിനഞ്ച് വർഷമായി ബീജദാനം നടത്തിവരുന്നുണ്ടെന്നും ഇതിലൂടെ തനിക്ക് നൂറിലധികം മക്കളുണ്ടെന്നാണ് ദുറോവ് അവകാശപ്പെടുന്നത്. കൂടാതെ മൂന്ന് വ്യത്യസ്ത പങ്കാളികളിലായി താൻ ആറ് കുട്ടികളുടെ ജൈവിക പിതാവാണെന്നും അദ്ദേഹം നേരത്തേ പറഞ്ഞിട്ടുണ്ട്. എന്നാൽ ഈ സമ്പത്ത് കുട്ടികൾക്ക് എപ്പോൾ ലഭിക്കുമെന്നതിനെപ്പറ്റിയും പവൽ ദുറോവ് വ്യക്തമാക്കുന്നുണ്ട്. എന്നാൽ, അടുത്ത 30 വർഷത്തേക്ക് മക്കൾക്ക് തൻ്റെ സമ്പത്ത് അനുഭവിക്കാൻ കഴിയില്ലെന്നാണ് അദ്ദേഹം പറയുന്നത്. വിൽപ്പത്രം അടുത്തിടെ എഴുതിയതെന്നും അതുമുതൽ മുപ്പത് വർഷം കഴിയുന്നതുവരെ തൻ്റെ സമ്പത്തിൽ മക്കൾക്ക് അവകാശമുണ്ടായിരിക്കില്ലെന്നും പവൽ ദുറോവ് കൂട്ടിച്ചേർത്തു.
മുമ്പ് വന്ധ്യതയുമായി മല്ലിടുന്ന സ്ത്രീകളെയും ദമ്പതികളെയും സഹായിക്കാൻഇതിലൂടെ ലക്ഷ്യമിട്ട് തൻ്റെ ബീജം ഉപയോഗിക്കാൻ തയ്യാറുള്ള സ്ത്രീകൾക്ക് സൗജന്യ ഇൻ വിട്രോ ഫെർട്ടിലൈസേഷൻ ചികിത്സകൾ പവൽ ദുറോവ് വാഗ്ദാനം ചെയ്തിരുന്നു. അൾട്രാവിറ്റ ഫെർട്ടിലിറ്റി ക്ലിനിക്കുമായുള്ള ചേർന്നാണ് അദ്ദേഹം ഇത്തരത്തിൽ ഒരു സംവിധാനം ഒരുക്കിയത്. പ്രശസ്തനായ സംരംഭകൻ പവേൽ ദുറോവിൻ്റെ ബീജം ഉപയോഗിച്ച് ക്ലിനിക്കിൽ സൗജന്യ ഐവിഎഫ് നടത്താനാകുമെന്നും ചികിത്സ നടക്കുന്നതിനിടെ മികച്ച പരിചരണവും വിദഗ്ധരായ ഡോക്ടർമാരുടെ സേവനം നൽകുമെന്നും അൾട്രാവിറ്റിയുടെ ഫെർട്ടിലിറ്റി ക്ലിനിക്കിന്റെ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച പരസ്യത്തിൽ പറഞ്ഞിരുന്നു.