
പാട്‌ന: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും ദ ടെലഗ്രാഫ് എഡിറ്ററുമായ സംഘര്‍ഷന്‍ താക്കൂര്‍ (63)അന്തരിച്ചു. കുറച്ച് കാലമായി അസുഖ ബാധിതനായിരുന്ന സംഘര്‍ഷന്‍ താക്കൂറിൻ്റെ മരണവിവരം പരഞ്‌ജോയ് ഗുഹ താക്കുര്‍ത്ത അടക്കമുള്ള മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരാണ് സമൂഹമാധ്യമങ്ങളിലുടെ അറിയിച്ചത്. നിരവധിപ്പേരാണ് അനുശോചനം അറിയിച്ച് രംഗത്തെത്തി. ഭോപ്പാല്‍ ഗ്യാസ് ദുരന്തം, 1984ലെ കലാപം, ഇന്ദിരാഗാന്ധിയുടെ കൊലപാതകം, ശ്രീലങ്കന്‍ യുദ്ധം, മാല്‍ദ്വീപ് അട്ടിമറി തുടങ്ങിയ പ്രധാന സംഭവ വികാസങ്ങൾ സംഘര്‍ഷന്‍ താക്കൂര്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ജനാര്‍ധന്‍ താക്കൂറിന്റെ മകനായി 1962ല്‍ പാട്‌നയിലായിരുന്നു സംഘര്‍ഷന്‍ താക്കൂർ ജനിച്ചത്. 1984ല്‍ സണ്‍ഡേ മാഗസിനിലൂടെയാണ് മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. ഇന്ത്യന്‍ എക്‌സ്പ്രസ്, തെഹല്‍ക്ക എന്നിവിടങ്ങളില്‍ എഡിറ്റോറിയല്‍ സ്ഥാനങ്ങളില്‍ പ്രവര്‍ത്തിച്ചു. നിര്‍ഭയമായ ഗ്രൗണ്ട് റിപ്പോര്‍ട്ടിങ്ങാണ് സംഘര്‍ഷന്‍ താക്കൂറെന്ന മാധ്യമപ്രവര്‍ത്തകനെ അടയാളപ്പെടുത്തിയത്. കാര്‍ഗില്‍ യുദ്ധ ഭൂമിയിലെയും കശ്മീരിലെ പ്രശ്‌നബാധിത പ്രദേശങ്ങളില്‍ നിന്നും ബിഹാറിലെ രാഷ്ട്രീയ ഭൂമിയില്‍ നിന്നുമുള്ള താക്കൂറിന്റെ റിപ്പോര്‍ട്ടിങ്ങുകള്‍ ശ്രദ്ധയാകര്‍ഷിച്ചു.
2001ല്‍ പ്രേം ഭാട്ടിയ പുരസ്‌കാരവും 2003ല്‍ അപ്പന്‍ മേനോന്‍ ഫെല്ലോഷിപ്പും കരസ്ഥമാക്കി. ലാലു പ്രസാദ് യാദവിന്റെ രാഷ്ട്രീയ ജീവചരിത്രമായ ‘സബാള്‍ട്ടേണ്‍ സാഹേബ്’ , ലാലു പ്രസാദ് യാദവും നിതീഷ് കുമാറും തമ്മിലുള്ള ബന്ധത്തെ സൂചിപ്പിച്ച ‘ദ ബ്രദേര്‍സ് ബിഹാറി’ എന്ന പുസ്തങ്ങൾ രചിച്ചു. കാര്‍ഗില്‍ യുദ്ധം, പാകിസ്താന്‍, ഉത്തര്‍പ്രദേശിലെ ദുരഭിമാനക്കൊല എന്നിവയെക്കുറിച്ചുള്ള ദീര്‍ഘ ലേഖനങ്ങളും രചിച്ചിട്ടുണ്ട്.