
ന്യൂഡൽഹി : ഡൽഹിയിൽ കനത്ത മൂടൽമഞ്ഞും മോശം വായുനിലവാരവും കാരണം ഡിസംബർ 30 ചൊവ്വാഴ്ച ഉച്ചവരെ കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഡൽഹിയിൽ തണുപ്പ് കടുക്കുകയാണ്. റിപ്പോർട്ടുകൾ പ്രകാരം ഡൽഹിയിലെ കുറഞ്ഞ താപനില 7 ഡിഗ്രി സെൽഷ്യസിലേക്ക് താഴ്ന്നു. ഈ വർഷത്തെ ശൈത്യകാലത്തെ ഏറ്റവും കുറഞ്ഞ താപനിലയാണിത്. കനത്ത മഞ്ഞുവീഴ്ചയും വായു മലിനീകരണവും നഗരത്തിലെ ജനജീവിതത്തെ ബാധിക്കുന്നുണ്ട്. വരും ദിവസങ്ങളിൽ താപനില ഇനിയും കുറയാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് (IMD) മുന്നറിയിപ്പ് നൽകുന്നു.
കാഴ്ചപരിധി 50 മീറ്ററിൽ താഴെയായി കുറഞ്ഞതിനെത്തുടർന്ന് ഡൽഹി വിമാനത്താവളത്തിൽ 128-ലധികം വിമാനങ്ങൾ റദ്ദാക്കിയിട്ടുണ്ട്. നൂറിലധികം വിമാനങ്ങൾ വൈകുകയും നിരവധി ട്രെയിൻ സർവീസുകൾ തടസ്സപ്പെടുകയും ചെയ്തിട്ടുണ്ട്. കടുത്ത തണുപ്പും മൂടൽമഞ്ഞും പരിഗണിച്ച് നോയിഡയിലെ സ്കൂളുകൾക്ക് ജനുവരി 1 വരെ അവധി പ്രഖ്യാപിച്ചു.
വായുനിലവാര സൂചിക (AQI) 400-ന് മുകളിൽ എത്തിയതോടെ നഗരത്തിലെ വായുനിലവാരം ‘അതിതീവ്രം’ (Severe) എന്ന വിഭാഗത്തിലായി. മലിനീകരണം നിയന്ത്രിക്കുന്നതിനായി ‘ഗ്രാപ്’ (GRAP) മൂന്നാം ഘട്ട നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.
കനത്ത മൂടൽമഞ്ഞ് റോഡ് യാത്രക്കാർക്ക് അപകടസാധ്യതയുണ്ടാക്കുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. വായു മലിനീകരണം രൂക്ഷമായതിനാൽ ശ്വാസകോശ സംബന്ധമായ അസുഖമുള്ളവർ, കുട്ടികൾ, മുതിർന്ന പൗരന്മാർ എന്നിവർ പുറത്തിറങ്ങുന്നത് കുറയ്ക്കാനും നിർദ്ദേശമുണ്ട്.
Temperature drops to 7 degrees Celsius; Red alert in Delhi















