
റഷ്യയിലെ സൈബീരിയൻ മേഖലയിലുള്ള യാകുട്സ്ക് (Yakutsk) ലോകത്തിലെ ഏറ്റവും തണുപ്പേറിയ നഗരമായാണ് അറിയപ്പെടുന്നത്. ഇവിടെ ഇപ്പോൾ അതിശൈത്യം തുടരുകയാണ്.
നിലവിൽ യാകുട്സ്കിലെ താപനില ഏകദേശം മൈനസ് 41°C ആണ്. ഡിസംബർ 26-ന് ഈ മേഖലയിൽ താപനില മൈനസ് 56°C വരെ താഴ്ന്നിരുന്നു. കൊടുംതണുപ്പിനെ തുടർന്ന് നഗരത്തിൽ മഞ്ഞ് മൂടുന്നത് കാഴ്ചാപരിധി കുറയ്ക്കുന്നു. വിദ്യാർത്ഥികളോടും താമസക്കാരോടും പുറത്തിറങ്ങുന്നത് ഒഴിവാക്കാൻ അധികൃതർ നിർദ്ദേശിച്ചിട്ടുണ്ട്. സ്കൂളുകൾക്ക് അവധി നൽകിയിരിക്കുകയാണ്.
ഈ നഗരത്തിലെ സവിശേഷമായ ഭൂമിശാസ്ത്രപരമായ സാഹചര്യങ്ങളാണ് അതിശൈത്യത്തിന് കാരണം. സമുദ്രത്തിൽ നിന്നും ഏതാണ്ട് 700 കിലോമീറ്ററിലധികം അകലെ സ്ഥിതി ചെയ്യുന്നതിനാൽ, സമുദ്രക്കാറ്റ് നൽകുന്ന ചൂട് ഈ നഗരത്തിന് ലഭിക്കുന്നില്ല. ശൈത്യകാലത്ത് ഈ മേഖലയിൽ രൂപപ്പെടുന്ന ഉയർന്ന വായുമർദ്ദം ആർട്ടിക് മേഖലയിൽ നിന്നുള്ള തണുത്ത കാറ്റിനെ ഇവിടേക്ക് എത്തിക്കുന്നു. ലേന നദിയുടെ തീരത്തുള്ള താഴ്ന്ന പ്രദേശം തണുത്ത വായുവിനെ തടഞ്ഞുനിർത്തുകയും അത് നഗരത്തിന് മുകളിൽ തങ്ങിനിൽക്കാൻ കാരണമാവുകയും ചെയ്യുന്നു. ഒക്ടോബർ മുതൽ ഏപ്രിൽ വരെയാണ് ഇവിടെ സാധാരണയായി ശൈത്യകാലം നീണ്ടുനിൽക്കുന്നത്. ശൈത്യകാലത്ത് ഇവിടെ പകലുകൾ വളരെ ചെറുതാണ്. പലപ്പോഴും നാല് മണിക്കൂറിൽ താഴെ മാത്രമേ സൂര്യപ്രകാശം ലഭിക്കാറുള്ളൂ.
Temperatures in the world’s coldest city drop to minus 56°C, and these are the geographical reasons behind Yakutsk.














