വിവാഹസൽക്കാരത്തിൽ ‘ബീഫ് കറി’ ലേബൽ, സ്റ്റിക്കറിനെച്ചൊല്ലി വൻ സംഘർഷം; മാംസം പരിശോധനയ്ക്കയച്ച് അലിഗഢ് പൊലീസ്

ഉത്തർപ്രദേശിലെ അലിഗഢ് സിവിൽ ലൈൻസ് ഏരിയയിൽ നടന്ന വിവാഹസൽക്കാരത്തിനിടെ ഭക്ഷണ ബുഫേയിൽ ‘ബീഫ് കറി’ എന്ന് എഴുതിയ സ്റ്റിക്കർ കണ്ടതോടെ വൻ സംഘർഷമുണ്ടായതിൽ അന്വേഷണം ഊർജ്ജിതമാക്കി. വിവാഹ സൽക്കാരത്തിനെത്തിയ അതിഥികളായ ആകാശ്, ഗൗരവ് കുമാർ എന്നിവർ ലേബലിനെ എതിർത്ത് വീഡിയോ പകർത്താൻ ശ്രമിച്ചതോടെയാണ് തർക്കവും സംഘർഷവും ഉണ്ടായത്. സ്ഥലത്തെത്തിയ പൊലീസും ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ ഉദ്യോഗസ്ഥരും കറി സാമ്പിൾ ഫോറൻസിക് പരിശോധനയ്ക്കായി ശേഖരിച്ചു.

കാറ്ററിംഗ് ജീവനക്കാരനും മറ്റു രണ്ടുപേരെയും ചോദ്യംചെയ്യലിനായി കസ്റ്റഡിയിലെടുത്തെങ്കിലും രാത്രി വൈകി വിട്ടയച്ചു. ഇതുവരെ കേസ് രജിസ്റ്റർ ചെയ്തിട്ടില്ലെന്നും ഫോറൻസിക് റിപ്പോർട്ട് വന്നശേഷം മാത്രമേ നടപടിയുണ്ടാകൂ എന്നും സർക്കിൾ ഓഫീസർ സർവം സിംഗ് അറിയിച്ചു. എരുമമാംസം നിരോധനപട്ടികയിൽ ഇല്ലാത്തതിനാൽ പലരും ‘ബീഫ്’ എന്നെഴുതി ആശയക്കുഴപ്പം സൃഷ്ടിക്കാറുണ്ടെന്ന് പരാതിക്കാരൻ ഗൗരവ് കുമാർ ആരോപിച്ചു.

വാർത്ത പരന്നതോടെ ബിജെപി പ്രവർത്തകർ കർശന നടപടി ആവശ്യപ്പെട്ട് സിവിൽ ലൈൻസ് പൊലീസ് സ്റ്റേഷന് മുന്നിൽ തടിച്ചുകൂടി. മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് ഗൗരവ് കുമാർ കാറ്ററിംഗ് സ്ഥാപനത്തിനെതിരെ രേഖാമൂലം പരാതി നൽകി. ഫോറൻസിക് ഫലം വരുന്നതുവരെ പ്രദേശത്ത് കനത്ത പൊലീസ് സന്നാഹമുണ്ട്.

More Stories from this section

family-dental
witywide