
ന്യൂഡൽഹി: ചെങ്കോട്ടയ്ക്ക് സമീപം ഇന്നലെ വൈകുന്നേരു 6.52 നുണ്ടായ സ്ഫോടനം തീവ്രവാദമെന്ന് എഫ്ഐആറിൽ പറയുന്നു. സ്ഫോടനവുമായി ബന്ധപ്പെട്ട് ഡൽഹി പൊലീസ് യുഎപിഎ നിയമപ്രകാരവും സ്ഫോടകവസ്തു നിരോധന നിയമപ്രകാരവും എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഭീകരാക്രമണത്തിനുള്ള ശിക്ഷയും ഗൂഢാലോചനയും ഉൾപ്പെടുന്ന യുഎപിഎയുടെ 16, 18 വകുപ്പുകൾ പ്രകാരമാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്.
തിങ്കളാഴ്ച വൈകുന്നേരം ചെങ്കോട്ടയ്ക്ക് സമീപം ഹ്യുണ്ടായ് ഐ20 കാർ പൊട്ടിത്തെറിച്ച് 13 പേർ കൊല്ലപ്പെടുകയും 20-ലേറെപേർക്ക് പരിക്കേൽക്കുകയും ചെയ്തിരന്നു. കാറിന്റെ സിസിടിവി വീഡിയോയും ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്. HR 26CE7674 എന്ന നമ്പർ പ്ലേറ്റുള്ള വാഹനം മൂന്ന് മണിക്കൂറിലധികം ചെങ്കോട്ടയ്ക്കടുത്തുള്ള പാർക്കിംഗ് സ്ഥലത്ത് പാർക്ക് ചെയ്തിരുന്നുവെന്നും ഉച്ചകഴിഞ്ഞ് 3:19 ന് ഇവിടെയെത്തിയ കാർ പ്രവേശിച്ച് 6:30 ഓടെയാണ് പോയതെന്നും വൃത്തങ്ങൾ അറിയിച്ചു.
ഏകദേശം ഒരു മിനിറ്റ് ദൈർഘ്യമുള്ള ക്ലിപ്പിൽ കാർ ബദർപൂർ അതിർത്തിയിലേക്ക് പ്രവേശിക്കുന്നതും സിസിടിവി ദൃശ്യങ്ങളിലുണ്ട്.കാറിൽ മൂന്നുപേർ ഉണ്ടായിരുന്നതായും വിവരമുണ്ട്. ഇവരെല്ലാം കൊല്ലപ്പെട്ടെന്നുതന്നെയാണ് നിഗമനം. അതിനാൽ ചാവേർ ആക്രമണമാണെന്നും സംശയിക്കപ്പെടുന്നു.
കാറിന്റെ ഡ്രൈവറെ അവ്യക്തമായി കാണുന്ന ഒരു ദൃശ്യത്തിൽ അയാൾ നീലയും കറുപ്പും നിറമുള്ള ടീ-ഷർട്ട് ധരിച്ചിരിക്കുന്നതായി കാണാം. കാർ പാർക്ക് ചെയ്തപ്പോൾ സംശയിക്കപ്പെടുന്ന ചാവേർ ബോംബർ ഒരു നിമിഷം പോലും കാറിൽ നിന്ന് പുറത്തിറങ്ങിയില്ലെന്ന് വൃത്തങ്ങൾ പറയുന്നു. അയാൾ ആരെയെങ്കിലും കാത്തിരിക്കുകയോ പാർക്കിംഗ് സ്ഥലത്ത് നിർദ്ദേശങ്ങൾക്കായി കാത്തിരിക്കുകയോ ചെയ്യുകയായിരുന്നുവെന്നും അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.
Terror attack in Delhi; Delhi Police registers FIR under UAPA Act












