
ഇസ്ലാമാബാദ്: പാക്കിസ്ഥാനിലെ ബലൂചിസ്ഥാനിലെ ഭീകരാക്രമണത്തില്‍ പത്ത് പാക്കിസ്ഥാന്‍ സൈനികര്‍ കൊല്ലപ്പെട്ടു. ക്വറ്റയില്‍ നിന്ന് 30 കിലോമീറ്റര്‍ അകലെ മാര്‍ഗറ്റ് ചൗക്കിയില്‍ റിമോട്ട് കണ്‍ട്രോള്‍ ഐഇഡി ഉപയോഗിച്ച് സുരക്ഷാ വാഹനം തകര്‍ത്തായിരുന്നു ആക്രമണം. ആക്രമണത്തിന്റെ ഉത്തരവാദിത്തം ബലൂച് ലിബറേഷന്‍ ആര്‍മി ഏറ്റെടുത്തു.
‘ക്വറ്റയുടെ പ്രാന്തപ്രദേശമായ മാര്‍ഗറ്റില്‍ റിമോട്ട് കണ്‍ട്രോള്‍ ഐഇഡി ആക്രമണത്തിലൂടെ ബലൂച് ലിബറേഷന്‍ ആര്‍മി സ്വാതന്ത്ര്യ സമര സേനാനികള്‍ പാക്കിസ്ഥാന്‍ സൈന്യത്തിന്റെ ഒരു വാഹനവ്യൂഹത്തെ ലക്ഷ്യം വച്ചു. ഈ ഓപറേഷനില്‍, ഒരു ശത്രു വാഹനം പൂര്‍ണമായും നശിപ്പിക്കപ്പെടുകയും വാഹനത്തിലുണ്ടായിരുന്ന 10 സൈനികരെ ഇല്ലാതാക്കുകയും ചെയ്തു. ഈ ആക്രമണത്തിന്റെ ഉത്തരവാദിത്തം ബലൂച് ലിബറേഷന്‍ ആര്‍മി ഏറ്റെടുക്കുകയും അധിനിവേശ ശത്രു സൈന്യത്തിനെതിരായ ഞങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ തീവ്രമായി തുടരുമെന്ന് വ്യക്തമാക്കുകയും ചെയ്യുന്നു” ബലൂച് ലിബറേഷന്‍ ആര്‍മി പ്രസ്താവനയില്‍ പറഞ്ഞു.