
വാഷിംഗ്ടണ്‍: തീവ്രവാദ ഭീഷണികളും ആഭ്യന്തര കലാപങ്ങളും തുടരുന്ന സാഹചര്യത്തില്‍ ഇസ്രയേലിലേക്കുള്ള യാത്ര കരുതലോടെവേണമെന്ന് പൗരന്മാരോട് നിര്‍ദേശിച്ച് അമേരിക്ക.
വര്‍ദ്ധിച്ചുവരുന്ന പ്രാദേശിക അസ്ഥിരതയുടെയും യു എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനും ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനുമെതിരെ മുതിര്‍ന്ന ഇറാനിയന്‍ പുരോഹിതന്‍ ഫത്വ പുറപ്പെടുവിച്ചതിനും പിന്നാലെയാണ് യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റിന്റെ നീക്കം.
ജൂണ്‍ 16ന് പുറപ്പെടുവിച്ച മുന്‍കരുതല്‍ നിര്‍ദേശത്തില്‍ യാത്ര ചെയ്യരുത് എന്നായിരുന്നു നിര്‍ദേശിച്ചിരുന്നത്. ഇപ്പോഴിത് യാത്ര പുനഃപരിശോധിക്കുക എന്ന ഉപദേശത്തിന് കീഴില്‍ കൊണ്ടുവന്നു. ഇസ്രായേല്‍, വെസ്റ്റ് ബാങ്ക് എന്നിവിടങ്ങളിലേക്കുള്ള യാത്രയില്‍ ഭീഷണികള്‍ ഗുരുതരവും പ്രവചനാതീതവുമായി തുടരുന്നുവെന്ന് ഉദ്യോഗസ്ഥര്‍ മുന്നറിയിപ്പ് നല്‍കി.
ഭീകര ഗ്രൂപ്പുകളും ഒറ്റപ്പെട്ട ഭീകരരും മറ്റ് അക്രമാസക്തരായ തീവ്രവാദികളും ഇസ്രായേല്‍, വെസ്റ്റ് ബാങ്ക്, ഗാസ എന്നിവിടങ്ങളില്‍ സാധ്യമായ ആക്രമണങ്ങള്‍ക്ക് പദ്ധതിയിടുന്നത് തുടരുന്നുവെന്നും ടൂറിസ്റ്റ് കേന്ദ്രങ്ങള്‍, ഗതാഗതം, മാര്‍ക്കറ്റുകള്‍, ഷോപ്പിംഗ് മാളുകള്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവ ലക്ഷ്യമിട്ട് ചെറിയ മുന്നറിയിപ്പോടെയോ മുന്നറിയിപ്പില്ലാതെയോ ആക്രമണങ്ങള്‍ ഉണ്ടാകാമെന്നും പ്രത്യേക നിര്‍ദേശമുണ്ട്.
മേഖലയിലെ സ്ഥിതി സങ്കീര്‍ണ്ണമായതിനാല്‍ മുന്നറിയിപ്പില്ലാതെ അക്രമം പൊട്ടിപ്പുറപ്പെടാമെന്നും ഉപദേശക സമിതി മുന്നറിയിപ്പ് നല്‍കി. കൂടാതെ, സംഘര്‍ഷങ്ങള്‍ വര്‍ദ്ധിക്കുന്നതിനാല്‍ ഇസ്രായേലിലേക്കും തിരിച്ചുമുള്ള വാണിജ്യ വിമാന സര്‍വീസുകള്‍ എപ്പോള്‍ വേണമെങ്കിലും കുറയ്ക്കുകയോ റദ്ദാക്കുകയോ ചെയ്യുമെന്ന് യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് മുന്നറിയിപ്പ് നല്‍കി.