വീഡിയോ വൈറൽ! ട്രംപിന്‍റെയും മസ്ക്കിന്‍റെയും ‘മൂക്കിന് താഴെ’ ലാസ് വേഗസിൽ ടെസ്‍ല കാറുകൾ കത്തിച്ചു! രൂക്ഷമായി പ്രതികരിച്ച് മസ്ക്

ന്യൂയോർക്ക്: അമേരിക്കൻ പ്രസിഡന്‍റ് പദത്തിലേക്ക് മടങ്ങിയെത്തിയ ഡോണൾഡ് ട്രംപിന്‍റെ വലം കൈയായിട്ടാണ് ശതകോടീശ്വരനും ടെസ്‍ലയുടെ ഉടമസ്ഥനുമായ എലോൺ മസ്ക് പൊതുവേ അറിയപ്പെടുന്നത്. രണ്ടാം ട്രംപ് സർക്കാരി‌ൽ ഏറ്റവും ശക്തനായ വ്യക്തിയെന്ന് പോലും മസ്കിനെ പലരും വിശേഷിപ്പിക്കാറുണ്ട്. ഡോജിന്‍റെ ചുമതലയിലിരുന്നുകൊണ്ട് മസ്ക് നടപ്പിലാക്കുന്ന തീരുമാനങ്ങളും അതിനെ ശരിവക്കുന്നതാണ്. അതിനിടയിലാണ് ആഗോള വിപണിയിൽ മസ്കിന്‍റെ ടെസ്‍ലയുടെ വിൽപ്പനയിൽ ഞെട്ടിക്കുന്ന ഇടിവുണ്ടായത്.

ടെസ്‍ലയുടെ ഇടിവിനെ മറികടക്കാൻ കോടികൾ മുടക്കി അമേരിക്കൻ പ്രസിഡന്‍റ് ചുവന്ന കാർ വാങ്ങിച്ചതും വലിയ വാർത്തയായിരുന്നു. എന്നാൽ ഇപ്പോൾ അമേരിക്കയിൽ നിന്നും പുറത്തുവരുന്ന വാർത്ത ട്രംപിനെയും മസ്കിനെയും സംബന്ധിച്ച് അത്ര ശുഭകരമല്ല. ട്രംപിന്‍റെയും മസ്കിന്‍റെയും ‘മൂക്കിന് താഴെ’ ലാസ് വേഗസിൽ ടെസ്‍ല കാറുകൾ കത്തിച്ച് പ്രതിഷേധമുണ്ടായി എന്ന വാർത്തയാണ് ഏറ്റവും ഒടുവിലായി പുറത്തുവന്നത്. സംഭവത്തിന്‍റെ വീഡിയോ വൈറലായതോടെ രൂക്ഷമായി പ്രതികരിച്ച് മസ്കും രംഗത്തെത്തിയിട്ടുണ്ട്. ഇത്തരത്തിലുള്ള അതിക്രമ സംഭവങ്ങള്‍ ഭീകരാക്രമണമാണെന്നും അമേരിക്കയിൽ അനുവദിക്കാൻ പാടില്ലെന്നുമാണ് മസ്ക് അഭിപ്രായപ്പെട്ടത്.

സംഭവം ഇങ്ങനെ

ലാസ് വേഗസിലാണ് ടെസ്‍ല കാറുകള്‍ കത്തിച്ച് പ്രതിഷേധമുണ്ടായത്. ഇന്ന് രാവിലെ കറുത്ത വസ്ത്രധാരിയായ ഒരാള്‍ ടെസ്‍ല കൊളീഷൻ സെന്ററില്‍ പാർക്കുചെയ്തിരുന്ന ടെസ്‍ല കാറുകള്‍ക്ക് തീയിടുകയായിരുന്നു. തീപിടിക്കുന്ന ടെസ്‍ല കാറുകളുടെ വീഡിയോ സാമൂഹികമാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിച്ചു. ലാസ് വേഗസ് മെട്രൊപോളിറ്റൻ പൊലീസ് ഡിപ്പാർട്ട്മെന്‍റ് ആക്രമം ആസൂത്രിതമാണെന്ന് സ്ഥിരീകരിക്കുകയും ചെയ്തു. സംഭവം ഭീതിയുണർത്തുന്നതാണെന്ന് പറഞ്ഞുകൊണ്ട് വീഡിയോ പങ്കുവെച്ച്‌ നെവാഡയില്‍ നിന്നുള്ള മുൻ സ്റ്റേറ്റ് സെനേറ്ററായ എലിസബത്ത് ഹെല്‍ഗലീനാണ് എക്സിലൂടെ ആദ്യം രംഗത്തെത്തിയത്. ‘എന്റെ പട്ടണമായ ലാസ് വേഗസില്‍ നിരവധി ടെസ്‍ല കാറുകളെ തീഗോളം വിഴുങ്ങുന്നു. ഈ സംഭവം ഒരേസമയം ഭയാനകവും ഭീതിയുണർത്തുന്നതുമാണ്, ഇത് ഉടനടി നിർത്തേണ്ടതുണ്ട്’ – എന്നായിരുന്നു എക്സില്‍ എലിസബത്ത് കുറിച്ചത്.

എലിസബത്ത് പങ്കുവെച്ച കുറിപ്പും വീഡിയോയും വൈറലായതോടെയാണ് പ്രതികരണവുമായി ഇലോണ്‍ മസ്ക് രംഗത്തെത്തിയത്. ഇത്തരത്തിലുള്ള അതിക്രമസംഭവങ്ങള്‍ നടക്കാൻ പാടില്ലാത്തതും തീർത്തും തെറ്റുമാണെന്നും കർശന നടപടി വേണമെന്നുമാണ് മസ്ക് അഭിപ്രായപ്പെട്ടത്. ടെസ്‍ല ഇലക്‌ട്രിക് കാറുകള്‍ നിർമ്മിക്കുക മാത്രമാണ് ചെയ്യുന്നതെന്നും ആക്രമണം നടത്തുവന്നവർ അക്കാര്യം ഓർക്കണമെന്നും മസ്ക് കൂട്ടിച്ചേർത്തു. ഇതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ ഇലോണ്‍ മസ്കിന് നിരവധി പേർ പിന്തുണയുമായെത്തി. ആക്രമം നടത്തിയ ആളെ പിടികൂടുകയും പരമാവധി ശിക്ഷ നല്‍കുകയും വേണമെന്നാണ് പലരും അഭിപ്രായപ്പെട്ടത്.

അതേസമയം ലാസ് വേഗസിലെ തീപിടുത്തത്തില്‍ രണ്ടു ടെസ്‍ല കാറുകള്‍ പൂർണമായി കത്തി നശിക്കുകയും മറ്റ് മൂന്ന് കാറുകള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തെന്നാണ് പൊലീസ് അറിയിച്ചത്. ഇതൊരു ഒറ്റപ്പെട്ട സംഭവമാണെന്നും പൊതുജനങ്ങള്‍ പേടിക്കേണ്ടതില്ലെന്നും പൊലീസ് വ്യക്തമാക്കി.

More Stories from this section

family-dental
witywide