എലോൺ മസ്കിന്‍റെ പുതിയ വഴിയും ബംപർ ഹിറ്റ്! സൗദി വീഥികൾ കീഴടക്കാൻ ടെസ്‍ലയുടെ ഇലക്ട്രിക്ക് കാറുകൾ എത്തി, വമ്പൻ പ്രതികരണം

റിയാദ്: ശതകോടീശ്വരൻ എലോൺ മസ്ക് ഓരോ ദിവസവും തന്‍റെ ബിസിനസ് സാമ്രാജ്യം കൂടുതൽ കൂടുതൽ ഉയരങ്ങളിലേക്ക് വളർത്തുകയാണ്. ഇപ്പോഴിതാ പുതിയ വഴികളിലൂടെ കുതിക്കാൻ തുടങ്ങുകയാണ് മസ്ക്. ടെസ്‍ലയുടെ ഇലക്ട്രിക് കാറുകൾ ഇനി സൗദിയുടെ വീഥികൾ കീഴടക്കും. സൗദിയിൽ ടെസ്‍ല ഔദ്യോഗികമായി പ്രവർത്തനം ആരംഭിച്ചു. റിയാദിൽ ചരിത്രനഗരമായ ദറഇയയിലാണ് ഉദ്ഘാടന ചടങ്ങ് നടന്നത്. രാജ്യത്തെ മൂന്ന് നഗരങ്ങളിൽ ഷോറൂമുകളും ചാർജിങ് സ്റ്റേഷനുകളും തുറക്കാനുള്ള ഉദ്ദേശ്യവും കമ്പനി ചടങ്ങിൽ പ്രഖ്യാപിച്ചു. ആദ്യ ദിനങ്ങളിൽ തന്നെ ടെസ്‍ലയുടെ കാറുകളോട് സൗദി ജനത വമ്പൻ പ്രതികരണമാണ് നടത്തുന്നതെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

സൈബർ ട്രക്ക് മരുഭൂമിയിൽ ഒടുന്നതിന്റെയും റിയാദിലെ ഏറ്റവും പ്രധാനപ്പെട്ട ചില സ്ഥലങ്ങളിൽ പര്യടനം നടത്തുന്നതിന്റെയും വീഡിയോ ഉദ്ഘാടന ചടങ്ങിൽ ഒരുക്കിയ വലിയ ഔട്ട്‌ഡോർ സ്‌ക്രീനിൽ പ്രദർശിപ്പിച്ചു. റിയാദ്, ജിദ്ദ, ദമ്മാം എന്നിവിടങ്ങളിൽ മൂന്ന് ഫാസ്റ്റ് ചാർജിങ് സ്റ്റേഷനുകൾ അടങ്ങുന്ന മൂന്ന് താൽകാലിക ഷോറൂമുകൾ ഉടൻ ആരംഭിക്കുമെന്ന് ടെസ്‌ലയുടെ സൗദി ഡയറക്ടർ നസീം അക്ബർ സാദെ വ്യക്തമാക്കി. ഓരോ ഷോറൂമിലും എട്ട് ഫാസ്റ്റ് ചാർജറുകളുണ്ടാകും. കൂടാതെ സൗദിയിൽ ടെസ്‌ല 21 ചാർജിങ് സ്റ്റേഷനുകൾ കൂടി നിർമിക്കുമെന്നും വരുന്ന വേനൽക്കാലത്ത് കാറുകൾ വിതരണം ചെയ്യാൻ തുടങ്ങുമെന്നും അക്ബർസാദെ പറഞ്ഞു.

More Stories from this section

family-dental
witywide