
ഇന്ത്യയിലെ ആദ്യത്തെ ഔദ്യോഗികമായി ഷോറൂം ആരംഭിച്ചുകൊണ്ട് ടെസ്ല ഇന്ത്യന്‍ വിപണിയിലേക്ക് എത്തുന്നു. മുംബൈയിലെ ബാന്ദ്ര കുര്‍ള കോംപ്ലക്‌സിലെ (ബികെസി) മേക്കര്‍ മാസിറ്റി മാളിലാണ് ടെസ്ല ഇലക്ട്രിക് വാഹന (ഇവി) നിര്‍മ്മാതാക്കള്‍ ഷോറൂം തുറക്കുന്നത്.
ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളരുന്ന ഇവി വിപണികളില്‍ ഒന്നിലേക്കുള്ള ആദ്യ ഔപചാരിക ചുവടുവയ്പ്പ് നടത്തുകയാണ് ഇതോടെ ഇലോണ്‍ മസ്‌കിന്റെ ടെസ്ല. ടെസ്‌ലയുടെ ജനപ്രിയ ഇലക്ട്രിക് എസ്‌യുവികളിലൊന്നാണ് മോഡല്‍ വൈ. റിയൽ വീൽ ഡ്രൈവ്, ലോങ് റേഞ്ച് റിയര്‍ വീൽ ഡ്രൈവ്, ലോങ് റേഞ്ച് ഓള്‍ വീല്‍ ഡ്രൈവ് എന്നിങ്ങനെ മോഡലുകളാണ് മോഡല്‍ വൈയിലുള്ളത്. ഇന്ത്യയിൽ റിയർവീൽ ഡ്രൈവ്, റിയർവീൽ ഡ്രൈവ് ലോങ് റേഞ്ച് എന്നീ മോഡലുകൾ മാത്രം.

അതേസമയം, വാഹനങ്ങള്‍ അടുത്തുനിന്ന് കാണാനും ടെസ്ലയുടെ സാങ്കേതികവിദ്യ മനസ്സിലാക്കാനും സന്ദര്‍ശകര്‍ക്ക് അവസരം നല്‍കുന്ന മുംബൈ ഷോറൂം ടെസ്ലയുടെ പ്രധാന ഡിസ്പ്ലേയും ഉപഭോക്തൃ അനുഭവ കേന്ദ്രവുമായിരിക്കും. ടെസ്ലയുടെ വെബ്സൈറ്റ് പ്രകാരം, മോഡല്‍ വൈ എസ്യുവിയുമായാണ് കമ്പനി ഇന്ത്യയിലെ യാത്ര ആരംഭിക്കുന്നത്. കമ്പനി വെബ്സൈറ്റിലെ വില കാറ്റലോഗ് പ്രകാരം ടെസ്ല മോഡല്‍ വൈ-ക്ക് മുംബൈ ഓണ്‍-റോഡ് വില 61 ലക്ഷം രൂപയാണ്. സ്റ്റെല്‍ത്ത് ഗ്രേ, പേള്‍ വൈറ്റ്, ഡയമണ്ട് ബ്ലാക്ക്, ഗ്ലേസിയര്‍ ബ്ലൂ, ക്വിക്ക് സില്‍വര്‍, അള്‍ട്രാ റെഡ് എന്നീ ആറ് നിറങ്ങളില്‍ കാര്‍ ലഭ്യമാണ്. (നിറത്തിനനുസരിച്ച് വിലയില്‍ മാറ്റം വരും) റിയര്‍-വീല്‍ ഡ്രൈവിന്റെ വില 59,89,000 രൂപയും ലോംഗ് റേഞ്ച് റിയര്‍-വീല്‍ ഡ്രൈവിന്റെ വില 67,89,000 രൂപയുമാണ്.

റിയൽ വീൽ ഡ്രൈവിന് 500 കിലോമീറ്ററാണ് ഡബ്ല്യുഎൽടിപി റേഞ്ച്. മണിക്കൂറിൽ 0-100 കിലോമീറ്റർ വേഗത്തിലേക്കു എത്താൻ വെറും 5.9 സെക്കൻഡ് മതി. സൂപ്പർചാർജർ ഉപയോഗിച്ചാൽ 15 മിനിറ്റിൽ 238 കിലോമീറ്റർ ഓടാനുള്ള ചാർജ് ലഭിക്കും. ലോങ് റേഞ്ച് റിയർവീൽ ഡ്രൈവ് മോഡലിൻ്റെ ഡബ്ല്യുഎൽടിപി റേഞ്ച് 622 കിലോമീറ്ററാണ്. 100 കിലോമീറ്റർ വേഗത്തിലേക്കു എത്താൻ വെറും 5.6 സെക്കൻഡ് മാത്രം മതി ഈ മോഡലിന്. 15 മിനിറ്റിൽ 267 കിലോമീറ്റർ ഓടാനുള്ള ചാർജ് ലഭിക്കും.

യുഎസ് , ചൈന വിപണികളിലെ ടെസ്ലയുടെ അടിസ്ഥാന വിലയേക്കാള്‍ കൂടുതലാണ് ഇന്ത്യയിലുള്ളത്. ഇന്ത്യയില്‍ ഉയര്‍ന്ന വില നല്‍കേണ്ടതിന്റെ കാരണം പ്രധാനമായും ഇറക്കുമതി തീരുവയാണ്. ടെസ്ലയുടെ മോഡല്‍ വൈ യൂണിറ്റുകള്‍ കമ്പനിയുടെ ചൈനയിലെ ഷാങ്ഹായിലെ ഗിഗാഫാക്ടറിയില്‍ നിന്ന് ഇറക്കുമതി ചെയ്യുമെന്നാണ് വിവരം. നിലവില്‍ ടെസ്ലയുടെ പല അന്താരാഷ്ട്ര വിപണികളുടെയും ഉല്‍പാദന കേന്ദ്രമാണ് ഷാങ്ഹായ് പ്ലാന്റ്. ടെസ്ല ഇതുവരെ ആറ് യൂണിറ്റ് മോഡല്‍ വൈ എസ്യുവികള്‍ ഇറക്കുമതി ചെയ്തിട്ടുണ്ട്. അവ മുംബൈ ഷോറൂമില്‍ ഡിസ്പ്ലേയ്ക്കും ടെസ്റ്റ് ഡ്രൈവുകള്‍ക്കും ഉപയോഗിക്കുമെന്നാണ് റിപ്പോര്‍ട്ട്.

വാഹനങ്ങള്‍ക്കൊപ്പം, ഏകദേശം 1 മില്യണ്‍ ഡോളര്‍ വിലമതിക്കുന്ന സൂപ്പര്‍ചാര്‍ജര്‍ ഉപകരണങ്ങളും അനുബന്ധ ഉപകരണങ്ങളും ടെസ്ല ഇന്ത്യയിലേക്ക് കൊണ്ടുവന്നിട്ടുണ്ട്. ഇവ ചൈനയില്‍ നിന്നും അമേരിക്കയില്‍ നിന്നുമാണ് കൊണ്ടുവന്നത്. ഇന്ത്യയിലെ വാഹനവിപണിയില്‍ നേട്ടം കൊയ്യാനും ടെസ്ലയുടെ വാഹനത്തെ സ്വീകാര്യമാക്കാനും മുംബൈയിലും പരിസരത്തും സൂപ്പര്‍ചാര്‍ജറുകള്‍ സ്ഥാപിക്കും. വിപണിയിലെ സ്വീകാര്യത അനുസരിച്ച് ടെസ്ല ഇന്ത്യയിലുടനീളം നിരവധി സ്ഥലങ്ങളില്‍ ഷോറൂമുകള്‍ തുറക്കാന്‍ പദ്ധതിയിടുന്നുണ്ട്. ഇതില്‍ ആദ്യത്തേതാണ് മുംബൈയിലെ ഷോറൂം. വാഹനങ്ങളുടെ അറ്റകുറ്റപ്പണികളും സര്‍വ്വീസും കൈകാര്യം ചെയ്യുന്നതിനായി കമ്പനി മുംബൈയിലെ കുര്‍ള വെസ്റ്റില്‍ ഒരു സര്‍വീസ് സെന്ററും ഒരുക്കുന്നുണ്ട്. രാജ്യത്ത് ടെസ്ല കമ്പനിക്ക് ഇതിനകം ബെംഗളൂരുവില്‍ ഒരു രജിസ്റ്റര്‍ ചെയ്ത ഓഫീസും പൂനെയില്‍ ഒരു എഞ്ചിനീയറിംഗ് ഹബ്ബും ഉണ്ട്. ലോഞ്ച് ചെയ്യുന്നതിന് മുമ്പായി, എക്സില്‍ ഇന്ത്യയ്ക്കായുള്ള ഒരു ടീസര്‍ പോസ്റ്റ് ചെയ്തുകൊണ്ട് ടെസ്ല സോഷ്യല്‍ മീഡിയയില്‍ തരംഗം സൃഷ്ടിച്ചിരുന്നു.