
വാഹന പ്രേമികളുടെ വര്‍ഷങ്ങള്‍ നീണ്ട ആ കാത്തിരിപ്പിന് വിരാമം. ശതകോടീശ്വരനും ടെക് സിഇഒയുമായി എലോണ്‍ മസ്‌കിന്റെ ടെസ്ലയുടെ റോബോടാക്സി സേവനം ജൂണ്‍ 22 മുതല്‍ ആരംഭിക്കുന്നു. ഇതോടെ, സെല്‍ഫ് ഡ്രൈവിങ് വാഹനങ്ങളില്‍ ടെസ്ലയുടെ പൂര്‍ണ മേധാവിത്വം ഉറപ്പിക്കുകയെന്ന ലക്ഷ്യത്തിലേക്ക് മസ്‌ക് അടുക്കുകയാണ്.
ടെസ്ലയുടെ ‘മോഡല്‍ വൈ’ റോബോടാക്‌സിയാണ് ജൂണ്‍ 22ന് സെല്‍ഫ് റൈഡ് ചെയ്യുന്നത്. തിരഞ്ഞെടുത്ത ഒരു കൂട്ടം ആളുകള്‍ക്ക് ടെക്സാസിലെ ഓസ്റ്റിനിലുള്ള തങ്ങളുടെ മോഡല്‍ വൈ റോബോടാക്സിയില്‍ സഞ്ചരിക്കാന്‍ ടെസ്ല അവസരം നല്‍കും. 2021 ലാണ് ടെസ്ല കാലിഫോര്‍ണിയയില്‍ നിന്ന് ഓസ്റ്റിനിലേക്ക് തങ്ങളുടെ ആസ്ഥാനം മാറ്റിയത്. റൈഡുകള്‍ ഓസ്റ്റിനിലെ ഒരു ‘ജിയോഫെന്‍സ്ഡ് ഏരിയ’യില്‍ നടക്കും. കുറച്ചു കാറുകള്‍ മാത്രമായിരിക്കും ആദ്യ യാത്രയില്‍ ടെസ്ല ഉപയോഗിക്കുക.
യാത്രയില്‍ പങ്കെടുക്കാന്‍ എത്ര പേരെ ക്ഷണിച്ചുവെന്ന് വ്യക്തമല്ല, എന്നിരുന്നാലും ക്ഷണങ്ങള്‍ പ്രധാനമായും ടെസ്ല നിക്ഷേപകര്‍ക്കും താല്‍പ്പര്യക്കാര്‍ക്കുമാണെന്നാണ് സൂചന.
പരിപാടിയിലേക്ക് ക്ഷണിക്കപ്പെട്ടവര്‍ക്ക് റോബോടാക്‌സി ആപ്പ് വഴി സെല്‍ഫ് ഡ്രൈവിംഗ് കാറുകളെ സ്വീകരിക്കാനും ഞായറാഴ്ച രാവിലെ 6 മുതല്‍ അര്‍ദ്ധരാത്രി വരെ വിമാനത്താവളം ഒഴികെ എവിടെയും പോകാനും കഴിയുമെന്നാണ് കമ്പനി വ്യക്തമാക്കുന്നത്.