
കീവ്: റഷ്യയുമായുള്ള യുദ്ധത്തിൽ വിദേശ ആയുധ നിർമ്മാണ കമ്പനികൾക്ക് അവരുടെ പുതിയ ആയുധങ്ങൾ മുൻനിരയിൽ പരീക്ഷിക്കാൻ അവസരവുമായി യുക്രെയ്ൻ. ‘ടെസ്റ്റ് ഇൻ യുക്രെയ്ൻ’ പദ്ധതിയുടെ ഭാഗമായി കമ്പനികൾക്ക് ആയുധ പരീക്ഷണം നടത്താമെന്നാണ് യുക്രെയിൻ്റെ വാഗ്ദാനം. ആയുധ-നിക്ഷേപ സംഭരണ ഗ്രൂപ്പായ ബ്രേവ് 1 ആണ് ഈ പദ്ധതിയുമായി എത്തിയിരിക്കുന്നത്.
കമ്പനികൾക്ക് അവരുടെ ആയുധങ്ങൾ യുക്രെയ്നിലേയ്ക്ക് അയയ്ക്കാമെന്നും അത് ഉപയോഗിക്കുന്നത് എങ്ങനെയെന്ന് ഓൺലൈൻ പരിശീലനം നൽകാം. യുക്രെയ്ൻ സൈന്യം അവ പരീക്ഷിക്കുന്നത് വരെ കാത്തിരിക്കണമെന്നും അതിന് ശേഷം റിപ്പോർട്ടുകൾ അയയ്ക്കുമെന്നുമാണ് ബ്രേവ് 1 പ്രസ്താവനയിൽ വ്യക്തമാക്കിയിരിക്കുന്നത്. എന്തെല്ലാം സാങ്കേതിക വിദ്യകൾ ലഭ്യമാണ് എന്നതിൽ അത് ഞങ്ങൾക്ക് അറിവ് നൽകും. യുദ്ധത്തിൻ്റെ മുൻനിരയിൽ ഇവ എങ്ങനെ പ്രവർത്തിക്കുമെന്നതിൽ കമ്പനികൾക്കും ധാരണ ലഭിക്കുമെന്നും ബ്രേവ് 1ൻ്റെ നിക്ഷേപ സൗഹൃദ തലവൻ ആർട്ടേം മോറോസിനെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു.
ടെസ്റ്റ് ഇൻ യുക്രെയ്ൻ പദ്ധതിയിൽ പലരും താൽപ്പര്യം അറിയിച്ചിട്ടുണ്ട് എന്ന് പറഞ്ഞ മോറോസ് ഇത് ഉപയോഗിക്കാൻ ഒപ്പുവെച്ച കമ്പനികളുടെ പേരോ, ഇത് എങ്ങനെ പ്രവർത്തിക്കുമെന്നോ, എന്ത് ചെലവ് വരുമെന്നോ വിശദമായി പറയാൻ തയ്യാറായില്ല. ഞങ്ങൾക്ക് മുൻഗണനകളുടെ ഒരു പട്ടികയുണ്ട്. പുതിയ വ്യോമ പ്രതിരോധ ശേഷികൾ, ഡ്രോൺ ഇന്റർസെപ്റ്ററുകൾ, AI- ഗൈഡഡ് സിസ്റ്റങ്ങൾ എന്നിവയാണ് അതിൽ ഏറ്റവും പ്രധാനപ്പെട്ടതെന്നും മോറോസ് പറഞ്ഞുവെന്ന് റോയിട്ടേഴ്സ് റിപ്പോർട്ടിൽ പറയുന്നു.