ടെക്‌സസിലെ മിന്നല്‍ പ്രളയദുരന്തം : മരണസംഖ്യ ഉയരുന്നു; കാണാതായ 170-ലേറെപ്പേര്‍ക്കായി തിരച്ചില്‍ ഏഴാംനാള്‍

ടെക്‌സസ്: ടെക്‌സസിലെ വെള്ളപ്പൊക്ക ദുരന്തത്തില്‍ മരണസംഖ്യ ഉയരുന്നതിനിടയിലും കാണാതായ 170-ലേറെപ്പേര്‍ക്കായി രക്ഷാപ്രവര്‍ത്തകര്‍ തിരച്ചില്‍ തുടരുന്നു. തിരച്ചില്‍ ഏഴാം ദിനത്തിലേക്ക് കടക്കുമ്പോള്‍ ജീവനോടെ ആരെയെങ്കിലും കണ്ടെത്താനാകുമോ എന്ന നേരിയ പ്രതീക്ഷമാത്രമാണ് ഇപ്പോഴുള്ളത്.

പ്രാദേശിക നിയമ നിര്‍വ്വഹണ ഏജന്‍സികളും ടെക്‌സസ് ഗവര്‍ണര്‍ ഗ്രെഗ് അബോട്ടും പറയുന്നതനുസരിച്ച്, 121 പേരുടെ മരണം സ്ഥിരീകരിച്ചിട്ടുണ്ട്. ഗ്വാഡലൂപ്പ് നദിയിലെജലനിരപ്പ് അഭൂതപൂര്‍വമായ നിലയിലേക്ക് അതിവേഗം ഉയര്‍ന്നതാണ് വിനാശകരമായ ദുരന്തം വിതച്ചത്.

അതേസമയം, കെര്‍ കൗണ്ടിയില്‍ മാത്രം 161 പേരെ കാണാതായതായി അധികൃതര്‍ പറഞ്ഞു. സംസ്ഥാന തലസ്ഥാനമായ ഓസ്റ്റിന് പടിഞ്ഞാറ് വെള്ളപ്പൊക്ക സാധ്യതയുള്ള ടെക്‌സസ് ഹില്‍ കണ്‍ട്രിയില്‍ സ്ഥിതി ചെയ്യുന്ന കൗണ്ടിയാണ് ദുരന്തത്തിന്റെ ഏറ്റവും വലിയ ആഘാതം ഏറ്റുവാങ്ങിയത്. സംസ്ഥാനത്തിന്റെ മറ്റ് ഭാഗങ്ങളില്‍ കുറഞ്ഞത് 10 പേരെ കൂടി കാണാതായിട്ടുണ്ട്. വെള്ളപ്പൊക്ക മരണങ്ങളില്‍ ഭൂരിഭാഗവും കെര്‍ കൗണ്ടിയിലാണ് സംഭവിച്ചത്, അവിടെ കുറഞ്ഞത് 96 പേര്‍ മരിച്ചതായി ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചിട്ടുണ്ട്.

ഹണ്ടിനടുത്തുള്ള കെര്‍ കൗണ്ടിയിലെ ഒരു ഗ്രാമപ്രദേശത്ത് നദിക്കരയില്‍ പെണ്‍കുട്ടികളുടെ വേനല്‍ക്കാല ക്യാമ്പായ ക്യാമ്പ് മിസ്റ്റിക്കിലുണ്ടായിരുന്ന 27 ക്യാമ്പര്‍മാരും കൗണ്‍സിലര്‍മാരും ദുരന്തത്തില്‍ മരിച്ചു. ജനാലകളിലൂടെ വെള്ളം ഒഴുകുന്നത് കേട്ടാണ് തങ്ങള്‍ ഉണര്‍ന്നതെന്ന് രക്ഷപ്പെട്ട ചിലര്‍ പറഞ്ഞു. കാണാതായ അഞ്ച് ക്യാമ്പര്‍മാരെയും ക്യാമ്പ് മിസ്റ്റില്‍ നിന്നുള്ള ഒരു കൗണ്‍സിലറെയും തിരയുന്നത് തുടരുകയാണെന്ന് ലീത ബുധനാഴ്ച പറഞ്ഞു. ക്യാമ്പുമായി ബന്ധമില്ലാത്ത ഒരു കുട്ടിയെയും കാണാതായിട്ടുണ്ട്.

അബോട്ടിന്റെ അഭ്യര്‍ത്ഥനപ്രകാരം പ്രസിഡന്റ് ട്രംപ് ഒരു ഫെഡറല്‍ ദുരന്ത പ്രഖ്യാപനത്തില്‍ ഒപ്പുവച്ചു. ട്രംപ് വെള്ളിയാഴ്ച ദുരന്തഭൂമി സന്ദര്‍ശിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. ഓസ്റ്റിനും സാന്‍ അന്റോണിയോയ്ക്കും ഇടയിലുള്ള പ്രദേശത്തിലൂടെ ഏകദേശം 230 മൈല്‍ നീളത്തിലാണ് ഗ്വാഡലൂപ്പ് നദി ഒഴുകുന്നത്. കെര്‍ കൗണ്ടിയില്‍ ആരംഭിച്ച് ഗള്‍ഫ് തീരത്താണ് ഇത് അവസാനിക്കുന്നത്. ഈ ഭൂപ്രകൃതി വെള്ളപ്പൊക്കത്തിന് സാധ്യതയുള്ളതിനാല്‍ ഇതിന് ‘ഫ്‌ലാഷ് ഫ്‌ലഡ് ആലി’ എന്നും വിളിപ്പേരുണ്ട്.

ഓസ്റ്റിന്‍ ഉള്‍പ്പെടുന്ന ട്രാവിസ് കൗണ്ടി, ബര്‍ണെറ്റ്, കെന്‍ഡാല്‍, വില്യംസണ്‍, ടോം ഗ്രീന്‍ കൗണ്ടി എന്നിങ്ങനെ ടെക്‌സസിലെ മറ്റ് അഞ്ച് കൗണ്ടികളിലെയും ഉദ്യോഗസ്ഥര്‍ വെള്ളപ്പൊക്കത്തില്‍ മരണങ്ങള്‍ സ്ഥിരീകരിച്ചിട്ടുണ്ട്.

സെന്‍ട്രല്‍ ടെക്സാസിലെ വ്യാപകനാശത്തിന്റെ നേര്‍ക്കാഴ്ചയായി പുതിയ ആകാശ ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്. കുതിച്ചുയരുന്ന വെള്ളപ്പൊക്കം ആര്‍വി പാര്‍ക്കുകളും(A recreational vehicle park (RV park) or caravan park) വീടുകളും മറ്റും എങ്ങനെ നശിപ്പിച്ചുവെന്ന് ഏരിയല്‍ ഇമേജറി കമ്പനിയായ നിയര്‍മാപ്പ് നല്‍കിയ ഫോട്ടോകള്‍ വ്യക്തമാക്കുന്നു.

ബ്ലൂ ഓക്ക് ആര്‍വി പാര്‍ക്കിന്റെ ഉടമയായ ലോറീന ഗില്ലന്‍, ജൂലൈ 4 ന് പുലര്‍ച്ചെ 3:30 ഓടെ ഉണ്ടായ പ്രളയത്തിന്റെ ഓര്‍മ്മ പങ്കുവെച്ചു. രക്ഷാപ്രവര്‍ത്തകര്‍ പാഞ്ഞെത്തിയതും വാഹന പാര്‍ക്കിംഗ് ഗ്രൗണ്ടിന് മുകളിലൂടെ ഒഴുകിയെത്തിയ വെള്ളക്കെട്ടിനെയുംകുറിച്ച് പറഞ്ഞ ഗില്ലെന്‍, തന്റെ പ്രോപ്പര്‍ട്ടിയില്‍ പാര്‍ക്ക് ചെയ്തിരുന്ന 33 ആര്‍വികളും മൊബൈല്‍ ഹോമുകളും വെള്ളപ്പൊക്കത്തില്‍ ഒലിച്ചുപോയെന്നും വ്യക്തമാക്കി. തന്റെ ആര്‍വി പാര്‍ക്കില്‍ നിന്ന് കുറഞ്ഞത് അഞ്ച് പേരെ കാണാതായതായും അടുത്തുള്ള ക്യാമ്പ് ഗ്രൗണ്ടില്‍ നിന്ന് ഡസന്‍ കണക്കിന് പേരെ കാണാതായതായും ഗില്ലെന്‍ പറഞ്ഞു.

More Stories from this section

family-dental
witywide