
സെന്‍ട്രല്‍ ടെക്‌സസില്‍ പാഞ്ഞെത്തിയ പ്രളയജലം ഇതുവരെ കവര്‍ന്നത് 110 ജീവനുകള്‍. ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ടെക്‌സസ് ഗവര്‍ണര്‍ ഗ്രെഗ് അബോട്ടാണ് ഔദ്യോഗികമായി മരണസംഖ്യ അറിയിച്ചത്. വെള്ളപ്പൊക്കത്തില്‍ കാണാതായ 160 ലധികം പേര്‍ക്കായുള്ള തിരച്ചില്‍ അഞ്ചാം ദിവസത്തിലേക്ക് കടന്നു. മരണസംഖ്യ വര്‍ദ്ധിച്ചുകൊണ്ടിരുന്നത് ആശങ്ക വര്‍ധിപ്പിക്കുന്നുണ്ട്.
കെര്‍ കൗണ്ടിയില്‍ മാത്രം 161 പേരെ കാണാതായതായും സംസ്ഥാനത്തിന്റെ മറ്റ് ഭാഗങ്ങളില്‍ കുറഞ്ഞത് 12 പേരെ കാണാതായതാകുകയും ചെയ്തിട്ടുണ്ടെന്ന് അബോട്ട് പറഞ്ഞു. അബോട്ടിന്റെ അഭ്യര്‍ത്ഥനപ്രകാരം പ്രസിഡന്റ് ട്രംപ് ഒരു ഫെഡറല്‍ ദുരന്ത പ്രഖ്യാപനത്തില്‍ ഒപ്പുവച്ചിട്ടുണ്ട്.
സംസ്ഥാന തലസ്ഥാനമായ ഓസ്റ്റിന് പടിഞ്ഞാറ് വെള്ളപ്പൊക്ക സാധ്യതയുള്ള ഹില്‍ കണ്‍ട്രിയില്‍ സ്ഥിതി ചെയ്യുന്ന കെര്‍ കൗണ്ടിയെയാണ് ദുരന്തം കൂടുതല്‍ ബാധിച്ചത്. ഇവിടെ നിന്ന് മാത്രമായി 87 മൃതദേഹങ്ങളാണ് രക്ഷാപ്രവര്‍ത്തകര്‍ കണ്ടെത്തിയത്. 22 മുതിര്‍ന്നവരെയും 10 കുട്ടികളെയും ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ലെന്ന് കൗണ്ടി ഷെരീഫ് ഓഫീസ് അറിയിച്ചു.
ഹണ്ടിനടുത്തുള്ള കെര്‍ കൗണ്ടിയിലെ ഒരു ഗ്രാമപ്രദേശത്ത് നദിക്കരയില്‍ ക്യാബിനുകളുള്ള പെണ്‍കുട്ടികളുടെ വേനല്‍ക്കാല ക്യാമ്പായ ക്യാമ്പ് മിസ്റ്റില്‍ നിന്നുള്ള 27 ക്യാമ്പര്‍മാരും കൗണ്‍സിലര്‍മാരും മരിച്ചിട്ടുണ്ട്. ജനാലകളിലൂടെ വെള്ളം ഒഴുകുന്നത് കേട്ടാണ് തങ്ങള്‍ ഉണര്‍ന്നതെന്ന് അതിജീവിച്ചവര്‍ പറഞ്ഞു. കാണാതായ അഞ്ച് ക്യാമ്പര്‍മാരെയും ക്യാമ്പ് മിസ്റ്റില്‍ നിന്നുള്ള ഒരു കൗണ്‍സിലറെയും കണ്ടെത്താനുള്ള തിരച്ചില്‍ തുടരുകയാണെന്ന് കെര്‍ കൗണ്ടി ഷെരീഫ് ലാറി ലീത ചൊവ്വാഴ്ച പറഞ്ഞു. ക്യാമ്പുമായി ബന്ധമില്ലാത്ത ഒരു കുട്ടിയെയും കാണാതായിട്ടുണ്ട്.
അതേസമയം, പ്രളയ മുന്നറിയിപ്പ് നല്‍കിയിരുന്നോ എന്നത് സംബന്ധിച്ച് പരിശോധിക്കണമെന്ന ആവശ്യം ശക്തമാകുകയാണ്. അടിയന്തര സാഹചര്യം നേരിടാന്‍ തന്റെ ഭരണകൂടം പ്രാദേശിക അധികാരികളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നുണ്ടെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അറിയിച്ചിരുന്നു. വെള്ളിയാഴ്ച അദ്ദേഹം ദുരന്ത ഭൂമി സന്ദര്‍ശിക്കുമെന്നും പറഞ്ഞിട്ടുണ്ട്. തിരച്ചില്‍ പ്രവര്‍ത്തനങ്ങളെ സഹായിക്കുന്നതിനായി ഫെഡറല്‍ സര്‍ക്കാര്‍ കോസ്റ്റ് ഗാര്‍ഡിനെ വിന്യസിക്കുമെന്ന് ഹോംലാന്‍ഡ് സെക്യൂരിറ്റി സെക്രട്ടറി ക്രിസ്റ്റി നോം അറിയിച്ചിരുന്നു.














