
കാറിലെ മഞ്ഞ് തുടയ്ക്കാൻ 3 മാസം പ്രായമുള്ള കുഞ്ഞിനെ വൈപ്പറാക്കി ഉപയോഗിച്ച യുവാവിനെതിരെ ക്രിമനൽ കേസെടുത്തു. കുട്ടികളെ അപായപ്പെടുത്തുന്ന കുറ്റം ചുമത്തി പൊലീസ് കേസെടുത്തെന്നാണ് ടെക്സസ് പൊലിസ് വൃത്തങ്ങൾ പറയുന്നത്. മൂന്ന് മാസം പ്രായമുള്ള കുഞ്ഞിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിചതോടെയാണ് പൊലീസ് നടപടി.
തെക്കുകിഴക്കൻ ടെക്‌സാസിൽ ആഞ്ഞടിച്ച ശീതകാല കൊടുങ്കാറ്റിനിടെ ഷൂട്ട് ചെയ്താണ് വീഡിയോ എന്ന് വ്യക്തമായിട്ടുണ്ട്. ഹ്യൂണ്ടായ് എലാൻട്ര കാറിന്റെ മുകളിൽ നിന്നും രണ്ടിഞ്ചിലധികം വരുന്ന മഞ്ഞ് നീക്കം ചെയ്യുന്ന ദൃശ്യങ്ങൾ നെറ്റിസൺസിൽ വലിയ ഞെട്ടലാണുണ്ടാക്കിയത്. കുഞ്ഞിന്റെ ജാക്കറ്റിൽ പിടിച്ച് വളരെ ലാഘവത്തോടെ തലങ്ങും വിലങ്ങും മഞ്ഞ് നീക്കുകയാണ് യുവാവ്. വീഡിയോ നെറ്റിസൺസിൽ കടുത്ത അസ്വസ്ഥതയാണ് ഉണ്ടാക്കിയത്. എല്ലാവരും ഒരുപോലെ രോഷം പ്രകടിപ്പിക്കുകയായിരുന്നു.
25 കാരനായ യുവാവിനെ കണ്ടെത്തിയെങ്കിലും പേര് വിവരങ്ങൾ പുറത്ത് വിടാൻ പൊലീസ് തയ്യാറായില്ല. കുഞ്ഞിന്റെ ആരോഗ്യനില തൃപ്തികരമാമെന്നാണ് വിവരം. പിതാവിന്റെ ക്രിമിനൽ പശ്ചാത്തലം അന്വേഷിക്കുകയാണെന്ന് പൊലീസ് വ്യക്തമാക്കി.