
ബാംങ്കോക്ക്: തായ്‌ലൻഡ് പ്രധാനമന്ത്രി പെയ്‌തോങ്താന്‍ ഷിനവത്രയെ സ്ഥാനത്തുനിന്ന് പുറത്താക്കി. ധാർമ്മിക ലംഘനം നടത്തിയെന്ന് കണ്ടെത്തിയതിനെ തുടർന്ന് തായ്‌ലൻഡ് ഭരണഘടനാ കോടതിയുടേതാണ് നടപടി. അധികാരത്തിലെത്തി ഒരു വർഷത്തിനുശേഷമാണ് പെയ്‌തോങ്താന്‍ ഷിനവത്ര പുറത്താകുന്നത്.
39 കാരിയായ പെയ്‌തോങ്താന്‍ രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയായിരുന്നു. തായ്‌ലൻഡ് രാഷ്ട്രീയത്തിൽ രണ്ടു പതിറ്റാണ്ടാളയി ആധിപത്യം പുലർത്തുന്ന ഷിനവത്ര കുടുംബത്തിന് കനത്ത പ്രഹരമാണ് കോടതി വിധി ഏൽപ്പിച്ചിരിക്കുന്നത്. കംബോഡിയൻ നേതാവ് ഹുൻ സെന്നുമായുള്ള ഫോൺ സംഭാഷണം ചോർന്നതാണ് പെയ്തോങ്താൻ ഷിനവത്രയ്ക്ക് തിരിച്ചടിയായത്.
ടെലിഫോൺ സംഭഷണത്തിൽ പെയ്‌തോങ്താന്‍ ധാർമ്മിക നിയമങ്ങൾ ലംഘിച്ചുവെന്ന് കോടതി വിധിന്യായത്തിൽ കണ്ടെത്തി. ഫോൺ കോളിൽ പെയ്തോങ്താൻ, ഹുൻ സെന്നിനെ “അങ്കിൾ” എന്ന് അഭിസംബോധന ചെയ്യുകയും അദ്ദേഹത്തിന്റെ അഭ്യർത്ഥനകൾ പരിപാലിക്കുമെന്ന് വാഗ്ദാനം ചെയ്യുകയും മുതിർന്ന തായ് സൈനിക കമാൻഡറെ വിമർശിച്ചതായും ദി ഗാർഡിയൻ റിപ്പോർട്ട് ചെയ്തു.
കംബോഡിയയുമായുള്ള അതിർത്തി സംഘർഷങ്ങൾ രൂക്ഷമാകുന്ന സാഹചര്യത്തിൽ പ്രധാനമന്ത്രിയുടെ പരാമർശങ്ങൾ ദേശീയ താല്‍പ്പര്യങ്ങള്‍ക്ക് വിരുദ്ധമാണെന്ന് ആരോപിച്ച് വ്യാപക വിമർശനം ഉയർന്നിരുന്നു. ഇരുരാജ്യങ്ങളും തമ്മിലുള്ള പിരിമുറുക്കങ്ങൾ ലഘൂകരിച്ച് യുദ്ധം ഒഴിവാക്കുകയായിരുന്നു തന്റെ ഉദ്ദേശ്യമെന്നായിരുന്നു പെതോങ്തന്റെ മറുപടി. പരാമർശത്തിന് പെതോങ്താൻ പിന്നീട് ക്ഷമാപണം നടത്തുകയും ചെയ്തിരുന്നു.