
ന്യൂഡല്‍ഹി: അതിര്‍ത്തി സംഘര്‍ഷം രൂക്ഷമായിരിക്കെ, തായ്‌ലന്‍ഡിനും കംബോഡിയയ്ക്കുമിടയില്‍ മധ്യസ്ഥ ശ്രമങ്ങള്‍ നടത്തിയെന്ന യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ വാദം ശരിവെച്ച് ഇരു രാജ്യങ്ങളും. ട്രംപിന്റെ മധ്യസ്ഥതയ്ക്ക് തായ്ലന്‍ഡും കംബോഡിയയും നന്ദി പറഞ്ഞതായി രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
അതിര്‍ത്തിയിലെ ഏറ്റുമുട്ടലുകളെത്തുടര്‍ന്ന് അടിയന്തര വെടിനിര്‍ത്തലിനായി കംബോഡിയയിലെയും തായ്ലന്‍ഡിലെയും നേതാക്കളെ വിളിച്ചതായും അവരില്‍ സമ്മര്‍ദ്ദം ചെലുത്തിയതായും ട്രംപ് ശനിയാഴ്ച പറഞ്ഞിരുന്നു. ഇരു രാജ്യങ്ങളും ഉടനടി കൂടിക്കാഴ്ച നടത്താനും വേഗത്തില്‍ ഒരു വെടിനിര്‍ത്തല്‍ നടപ്പിലാക്കാനും ഒടുവില്‍ സമാധാനം സ്ഥാപിക്കാനും സമ്മതിച്ചുവെന്നുമായിരുന്നു ട്രംപ് ട്രൂത്ത് സോഷ്യല്‍ വഴി അറിയിച്ചത്.
ട്രംപിന്റെ ആശങ്കയ്ക്കും ശ്രമങ്ങള്‍ക്കും ഇരു രാജ്യങ്ങളും നന്ദി പറഞ്ഞതായി ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു. വെടിനിര്‍ത്തലിനുള്ള അദ്ദേഹത്തിന്റെ അഭ്യര്‍ത്ഥന കംബോഡിയ അംഗീകരിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള സംഭാഷണത്തിന്റെ ആവശ്യകത തായ്ലന്‍ഡ് ഊന്നിപ്പറഞ്ഞതായും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
അതേസമയം, ട്രംപിന്റെ ഫോണ്‍ കോളുകള്‍ക്ക് തായ്ലന്‍ഡിലെയും കംബോഡിയയിലെയും പ്രധാനമന്ത്രിമാരില്‍ നിന്ന് അനുകൂലമായ പ്രതികരണം ലഭിച്ചിട്ടുണ്ടെങ്കിലും സംഘര്‍ഷം തുടരുകയാണ്. യുഎസ് പ്രസിഡന്റിന്റെ സമാധാനന ആഹ്വാനങ്ങള്‍ക്ക് ശേഷവും, അതിര്‍ത്തിയില്‍ ഷെല്ലാക്രമണം തുടരുന്നുവെന്നാണ് റിപ്പോര്‍ട്ട്.
ട്രംപിന്റെ മധ്യസ്ഥത ‘നിരവധി സൈനികരുടെയും സാധാരണക്കാരുടെയും ജീവന്‍ സംരക്ഷിക്കാന്‍ സഹായിക്കും’ എന്ന് കംബോഡിയന്‍ പ്രധാനമന്ത്രി ഹണ്‍ മാനെറ്റ് ട്രംപുമായുള്ള ഫോണ്‍ കോളിന് ശേഷം പറഞ്ഞു. കംബോഡിയയുടെ സൈന്യം തായ്ലന്‍ഡിനെക്കാള്‍ ദുര്‍ബലമാണ്, തായ് പീരങ്കി ബോംബാക്രമണങ്ങള്‍ക്കും വ്യോമാക്രമണങ്ങള്‍ക്കും ഇടയില്‍ കംബോഡിയ്ക്ക് അധികദിവസം പിടിച്ചുനില്‍ക്കാന്‍ ആവില്ലെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
‘പ്രസിഡന്റ് ട്രംപിന്റെ ആശങ്കയ്ക്ക് നന്ദി’ എന്നായിരുന്നു തായ്‌ലന്‍ഡ് ആക്ടിംഗ് പ്രധാനമന്ത്രി ഫുംതം വെച്ചായചായി പ്രതികരിച്ചത്. കൂടാതെ വെടിനിര്‍ത്തല്‍ നടപ്പിലാക്കാന്‍ തായ്ലന്‍ഡിന് സമ്മതമാണെന്നും അറിയിച്ചിട്ടുണ്ട്.