
ന്യൂഡല്‍ഹി : അതിര്‍ത്തി തര്‍ക്കത്തെത്തുടര്‍ന്നുള്ള തായ്ലാന്‍ഡ്-കംബോഡിയ സംഘര്‍ഷം രൂക്ഷം. ഇരുരാജ്യങ്ങളും പരസ്പരം ആക്രമണം കടുപ്പിച്ചതോടെ പലായനം ചെയ്യുന്നവരുടെ എണ്ണം ഒരുലക്ഷം കടന്നതായാണ് റിപ്പോര്‍ട്ട്. നാല് അതിര്‍ത്തി പ്രവിശ്യകളില്‍ നിന്നുള്ള 100,000-ത്തിലധികം ആളുകളെ 300-ഓളം താല്‍ക്കാലിക അഭയ കേന്ദ്രങ്ങളിലേക്ക് മാറ്റിയതായി തായ് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. അതേസമയം മരണസംഖ്യ 14 ആയി ഉയര്‍ന്നതായി രാജ്യത്തിന്റെ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇവരില്‍ 13 പേര്‍ സാധാരണക്കാരും ഒരാള്‍ സൈനികനുമാണ്.
തായ്ലന്‍ഡും കംബോഡിയയും തമ്മിലുള്ള ഒരു ദശാബ്ദത്തിനിടയിലെ ഏറ്റവും രക്തരൂക്ഷിതമായ അതിര്‍ത്തി പോരാട്ടമാണ് ഇപ്പോള്‍ നടക്കുന്നത്. അന്താരാഷ്ട്ര നേതാക്കള്‍ ശത്രുത അവസാനിപ്പിക്കാന്‍ ആവര്‍ത്തിച്ച് ആവശ്യപ്പെടുന്നുണ്ട്.
യുദ്ധവിമാനങ്ങള്‍, പീരങ്കികള്‍, ടാങ്കുകള്‍, കരസേനാ സൈന്യം ഉള്‍പ്പെടെ സംഘര്‍ഷത്തില്‍ പങ്കുചേരുന്നുണ്ട്. പ്രതിസന്ധിയെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ യുഎന്‍ സുരക്ഷാ കൗണ്‍സില്‍ വെള്ളിയാഴ്ച അടിയന്തര യോഗം ചേരും.