കണ്ണൂർ: ബിഷപ്പ് പാംപ്ലാനിക്കെതിരായ അവസരവാദി പരാമർശത്തിൽ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ പരമാർശത്തെ രൂക്ഷമായി വിമർശിച്ച് തലശ്ശേരി അതിരൂപത. ഗോവിന്ദന്റെ പ്രസ്താവനകൾ ഫാസിസ്റ്റ് ശക്തികളുടേതിന് സമാനമാണെന്നും, ഭരണഘടനാ വിരുദ്ധമായ നിലപാടുകളെ തുറന്നുകാട്ടുന്നതിൽ മെത്രാൻ ജോസഫ് പാമ്പ്ലാനി ശക്തമായി മുന്നോട്ടുവന്നിട്ടുണ്ടെന്നും അതിരൂപത അഭിപ്രായപ്പെട്ടു. ഛത്തീസ്ഗഡ് വിഷയത്തിൽ കേന്ദ്ര സർക്കാർ ഇടപെട്ടതിനോട് നന്ദി പറഞ്ഞതിൽ മാറ്റമില്ലെന്നും, എന്നാൽ ഗോവിന്ദന്റെ തെറ്റിദ്ധാരണ പരത്തുന്ന പ്രസ്താവനകൾ അപലപനീയമാണെന്നും അതിരൂപത ആരോപിച്ചു. “എകെജി സെന്ററിൽ നിന്ന് തീട്ടൂരം വാങ്ങിയാണോ മെത്രാന്മാർ പ്രവർത്തിക്കേണ്ടത്?” എന്ന ചോദ്യവും അതിരൂപത ഉയർത്തി. ഗോവിന്ദന്റെ നിലപാടുകളെ അവസരവാദപരമെന്നും അതിരൂപത വിശേഷിപ്പിച്ചു.
ഡിവൈഎഫ്ഐയുടെ വിലകുറഞ്ഞ പ്രസ്താവനകളെ അവഗണിച്ചെങ്കിലും, ഗോവിന്ദൻ അതിന് കുടപിടിക്കുന്നത് ഖേദകരമാണെന്ന് അതിരൂപത ചൂണ്ടിക്കാട്ടി. സ്വന്തം പാർട്ടിയെയും മുഖ്യമന്ത്രി പിണറായി വിജയനെയും വെട്ടിലാക്കുന്ന നിലപാടാണ് ഗോവിന്ദൻ സ്വീകരിച്ചതെന്നും, സ്വന്തം സ്വഭാവ വൈകല്യങ്ങളെ മറ്റുള്ളവരെ വിലയിരുത്താനുള്ള അളവുകോലാക്കരുതെന്നും അതിരൂപത കുറ്റപ്പെടുത്തി. ഗോവിന്ദന്റെ പ്രസ്താവനകൾ പാർട്ടിക്കുള്ളിലും പുറത്തും വിവാദങ്ങൾക്ക് വഴിവെച്ചിരിക്കുകയാണ്, ഇത് സിപിഎമ്മിന്റെ രാഷ്ട്രീയ നിലപാടുകളെക്കുറിച്ച് കൂടുതൽ ചർച്ചകൾക്ക് കാരണമാകുമെന്നാണ് വിലയിരുത്തൽ.












