കോഴിക്കോട്: താമരശേരിയിലെ ഫ്രഷ് കട്ട് അറവുമാലിന്യ സംസ്കരണ പ്ലാന്റിന്റെ പ്രവർത്തനം പുനരാരംഭിക്കാൻ അനുമതി. ജില്ലാ കളക്ടർ സ്നേഹിൽ കുമാർ സിങ്ങിന്റെ അധ്യക്ഷതയിൽ ചേർന്ന ഡിഎൽഎഫ്എംസി യോഗമാണ് കർശന ഉപാധികളോടെ അനുമതി നൽകിയത്. ഉപാധികൾ ലംഘിച്ചാൽ കർശന നടപടിയുണ്ടാകുമെന്നും മുന്നറിയിപ്പ് നൽകി.
അമ്പായത്തോട് നിവാസികളുടെ പ്രതിഷേധത്തെത്തുടർന്ന് അടച്ച പ്ലാന്റാണ് വീണ്ടും തുറക്കുന്നത്. മലിനീകരണ നിയന്ത്രണ ബോർഡ്, ശുചിത്വമിഷൻ പ്രതിനിധികളുടെ പരിശോധനാ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. പ്രതിദിന സംസ്കരണം 25 ടണ്ണിൽനിന്ന് 20 ടണ്ണായി കുറയ്ക്കണം.
വൈകുന്നേരം 6 മുതൽ രാത്രി 12 വരെ പ്രവർത്തനം നിർത്തണം; ദുര്ഗന്ധം കുറയ്ക്കാൻ നടപടി സ്വീകരിക്കണം. പഴകിയ മാലിന്യങ്ങൾ കൊണ്ടുവരുന്നത് പൂർണമായി നിരോധിച്ചു; പുതിയ മാലിന്യങ്ങൾ മാത്രം സംസ്കരിക്കണമെന്നും ഉപാധികളുണ്ട്.











