
വാഷിങ്ടൺ: രണ്ടുവർഷം പിന്നിട്ട ഗാസ യുദ്ധം അവസാനിപ്പിക്കാൻ ലക്ഷ്യമിട്ട് യുഎസ് പ്രസിഡൻറ് ഡോണൾഡ് ട്രംപിൻറെ നേതൃത്വത്തിൽ നടന്ന സമാധാന പദ്ധതിക്ക് പാകിസ്താൻറെയും പിന്തുണയുണ്ടെന്ന് ട്രംപ്. പിന്തുണയ്ക്ക് പാകിസ്താൻ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫിനെയും സൈനിക മേധാവി അസിം മുനീറിനെയും പ്രശംസകൊണ്ട് മൂടുകയും ചെയ്തു ട്രംപ്. ഇസ്രായേലും ഹമാസും തമ്മിലുള്ള യുദ്ധം അവസാനിപ്പിക്കുന്ന സമാധാന പദ്ധതിയുടെ പ്രഖ്യാപനത്തിനു ശേഷം നടന്ന പത്രസമ്മേളനത്തിലാണ് ട്രംപ് ഇരുവരെയും പ്രശംസിച്ച് സംസാരിച്ചത്.
പാകിസ്താൻ നേതാക്കൾ തുടക്കം മുതൽ തന്നെ ഈ പദ്ധതിക്ക് ശക്തമായ പിന്തുണ നൽകിയിരുന്നു എന്ന് ട്രംപ് എടുത്തുപറഞ്ഞു. അവർ ഒരു പ്രസ്താവനയും ഇറക്കിയിരുന്നു. ഈ പ്രസ്താവനയിൽ അവർ പദ്ധതിയെ പൂർണ്ണമായി പിന്തുണയ്ക്കുന്നതായി അറിയിച്ചിട്ടുണ്ട്. മാത്രമല്ല, ഷെഹ്ബാസ് ഷെരീഫ് എക്സ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിൽ ട്രംപിൻ്റെ നിർദ്ദേശത്തെ സ്വാഗതം ചെയ്യുകയും ചെയ്തു.
ഇസ്രായേൽ ഗാസ വിഷയത്തിൽ 20 ഇനങ്ങളുള്ള ഈ സമാധാന പദ്ധതി വൈറ്റ് ഹൗസ് പ്രഖ്യാപിച്ചിരുന്നു. ഇസ്രായേലും ഹമാസും തമ്മിലുള്ള യുദ്ധം അവസാനിപ്പിക്കാനാണ് ഈ പദ്ധതി ലക്ഷ്യമിടുന്നത്. ബന്ദികളെയും തടവുകാരെയും കൈമാറുന്നതിലൂടെയും സൈനികവൽക്കരണം ഇല്ലാതാക്കുന്നതിലൂടെയും ഇസ്രായേൽ സൈന്യം പിന്മാറുന്നതിലൂടെയും യുദ്ധം അവസാനിപ്പിക്കാനാണ് ഈ സമാധാന പദ്ധതി വിഭാവനം ചെയ്യുന്നത്.