
പാകിസ്ഥാന്‍ പിന്തുണയുള്ള ഭീകരവാദത്തെ ലോകത്തിനു മുന്നില്‍ കൂടുതല്‍ തുറന്ന് കാട്ടാന്‍ വിവിധ ലോക രാജ്യങ്ങളിലേക്ക് ഇന്ത്യ അയക്കുന്ന പ്രതിനിധി സംഘത്തിന്‍റെ കൂടുതൽ വിവരങ്ങൾ പുറത്ത്. മൊത്തം ഏഴ് പ്രതിനിധി സംഘങ്ങളെയാണ് വിവിധ രാജ്യങ്ങളിലേക്ക് ഇന്ത്യ അയക്കുക. യു എസ്, യു കെ എന്നിവിടങ്ങളിലേക്കുള്ള സംഘത്തെ നയിക്കുക തിരുവനന്തപുരം എം പിയും കോൺഗ്രസ് നേതാവുമായ ശശി തരൂരാകും. കേന്ദ്ര സർക്കാരിന്‍റെ ഈ ക്ഷണം തരൂരും കോൺഗ്രസും സ്വീകരിച്ചിട്ടുണ്ട്. മുൻ കേന്ദ്രമന്ത്രി വി മുരളീധരൻ എം പിമാരായ ഇ ടി മുഹമ്മദ് ബഷീർ, ജോണ് ബ്രിട്ടാസ് എന്നി മലയാളികളും സംഘത്തിന്റെ ഭാഗമാകും.
വിശദ വിവരങ്ങൾ
പഹല്‍ ഗാം ആക്രമണവും ഓപ്പറേഷന്‍ സിന്ദൂറും ഇന്ത്യ – പാക് വെടിനിൽത്തൽ വരെയുള്ള നിര്‍ണ്ണായക നാളുകള്‍ വിശദീകരിക്കുകയാണ് സംഘങ്ങളുടെ ദൗത്യം. ഈ മാസം 22 മുതല്‍ അടുത്ത മാസം പകുതിവരെ നീളുന്നതാകും ദൗത്യം. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്നുമുള്ള എം പിമാരും മുന്‍ മന്ത്രിമാരും, നയതന്ത്ര ഉദ്യോഗസ്ഥരും ഉള്‍പ്പെടുന്ന ഏഴ് സംഘങ്ങളാകും പര്യടനം നടത്തുക. യു എസ്, യൂറോപ്പ്, മിഡില്‍ ഈസ്റ്റ് തുടങ്ങിയ രാജ്യങ്ങളിലാകും പര്യടനം. രാഷ്ട്രീയ പാര്‍ട്ടികളോടാലോചിക്കാതെ പ്രധാനമന്ത്രിയുടെ ഓഫീസ് നേരിട്ടാണ് എം പിമാരുടെ പട്ടിക തയ്യാറാക്കിയത്. കേരളത്തില്‍ നിന്ന് ശശി തരൂരിനെ കൂടാതെ ജോണ്‍ ബ്രിട്ടാസ്, ഇ ടി മുഹമ്മദ് ബഷീർ, വി മുരളീധരൻ എന്നിവരും പ്രതിനിധി സംഘത്തിലുണ്ട്. തരൂരിനെ പുറമെ ബൈജയന്ത് പാണ്ഡ, രവിശങ്കർ പ്രസാദ്, സഞ്ജയ് ഝാ, ശ്രീകാന്ത് ഷിൻഡെ, കനിമൊഴി, സുപ്രിയ സുലെ എന്നിവരാകും മറ്റ് സംഘങ്ങളെ നയിക്കുക.