
പാരീസ് : കഴിഞ്ഞ ഞായറാഴ്ച പെരുകൊള്ളയാണ് പാരീസിലെ പ്രശസ്തമായ ലൂവ്രെ മ്യൂസിയത്തില്‍ നടന്നത്. അതും വെറും ഏഴ് മിനിറ്റിനുള്ളില്‍. ഫ്രാന്‍സിലെ രാജകുടുംബത്തെ ഒരുകാലത്ത് അലങ്കരിച്ചിരുന്ന തിളങ്ങുന്ന നീലക്കല്ലുകള്‍, മരതകങ്ങള്‍, വജ്രങ്ങള്‍ അങ്ങനെ ഒട്ടേറെ അമൂല്യനിധിയാണ് ഈ മ്യൂസിയത്തില്‍ നിന്നും കള്ളന്‍മാര്‍ അടിച്ചെടുത്തുകൊണ്ടു പോയിരിക്കുന്നത്. ഇത്രയും വലിയ സുരക്ഷാ സംവിധാനം ഉണ്ടായിട്ടും പോലും മോഷ്ടാക്കള്‍ അകത്ത് കടന്ന് നാലുമിനിറ്റിനുള്ളില്‍ കളവ് നടത്തിയത് ഏവരേയും ഞെട്ടിച്ചതാണ്. എന്നാല്‍ മോഷണത്തിന്റെ ഞെട്ടല്‍ ബോക്കര്‍ അഗിലോ എന്ന ഫര്‍ണിച്ചര്‍ ലിഫ്റ്റ് കമ്പനിയെ വൈറലാക്കി. മ്യൂസിയത്തിന് പുറത്തുണ്ടായിരുന്ന കമ്പനിയുടെ യന്ത്ര ലിഫ്റ്റ് ഉപയോഗിയിരുന്നു മോഷ്ടാക്കള്‍ മോഷണം നടന്ന അപ്പോളോ ഗ്യാലറിയിലേക്ക് കയറിക്കൂടിയത്.
അലക്‌സാണ്ടര്‍ ബോക്കറും ഭാര്യ ജൂലിയ ഷ്വാര്‍ട്‌സും അടക്കമുള്ള കുടുംബമാണ് കമ്പനിയുടെ നടത്തിപ്പുകാര്‍. ലൂവ്രെ മ്യൂസിയത്തിലെ ആഭരണ കൊള്ളയില്‍ അവരുടെ കമ്പനിയുടെ മെഷീനുകളില്‍ ഒന്നായ ബോക്കര്‍ അഗിലോ ഫര്‍ണിച്ചര്‍ ലിഫ്റ്റ് ഉപയോഗിച്ചിരുന്നു എന്ന ആദ്യ വാര്‍ത്തകള്‍ അവരെ ഞെട്ടിച്ചു. കൂടാതെ മ്യൂസിയത്തിന്റെ ബാല്‍ക്കണിക്ക് താഴെയുള്ള അവരുടെ ലിഫ്റ്റിന്റെ ചിത്രവും വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു.
പടിഞ്ഞാറന്‍ ജര്‍മ്മനിയിലെ ഒരു ചെറിയ പട്ടണമായ വെര്‍ണില്‍ സ്ഥിതി ചെയ്യുന്ന ബോക്കര്‍, മൂന്ന് തലമുറകളായി നടത്തിവരുന്ന ഒരു കുടുംബ സ്ഥാപനമാണ്. 600-ലധികം പേര്‍ക്ക് ജോലി നല്‍കുകയും പ്രതിവര്‍ഷം ഏകദേശം 150 മില്യണ്‍ യൂറോ (174 മില്യണ്‍ ഡോളര്‍) സമ്പാദിക്കുകയും ചെയ്യുന്നുവെന്ന് അവരുടെ വെബ്സൈറ്റ് പറയുന്നു. ഫര്‍ണിച്ചറുകള്‍, പിയാനോകള്‍, സ്‌കാര്‍ഫോള്‍ഡിംഗ് എന്നിവ നീക്കുന്നതിനാണ് ഇതിന്റെ ലിഫ്റ്റുകള്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.
‘ആദ്യം ഞങ്ങള്‍ ഞെട്ടിപ്പോയി,’ ബോക്കര്‍ പറഞ്ഞു. ‘ഇത് ഒരു അപലപനീയമായ പ്രവൃത്തിയായിരുന്നു. അവര്‍ അത് ചെയ്യാന്‍ ഞങ്ങളുടെ ഉപകരണം ഉപയോഗിച്ചു. ഞായറാഴ്ച വൈകുന്നേരത്തോടെ, ആര്‍ക്കും പരിക്കില്ലെന്ന് വ്യക്തമായപ്പോള്‍, ഞെട്ടല്‍ ചെറിയ ചിരികളായി മാറി” 42 കാരന്‍ ബോക്കര്‍ പറഞ്ഞു. ഇത്രവേഗത്തില്‍ നടന്ന ഒരു മോഷണത്തിന്റെ ഭാഗമായ ഞങ്ങളുടെ ലിഫ്റ്റിനെക്കുറിച്ച് രസകരമായി തോന്നിയ ചില ക്യാപ്ഷനുകള്‍ ഞങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചു. കമ്പനിയുടെ മാര്‍ക്കറ്റിംഗ് വകുപ്പിന് നേതൃത്വം നല്‍കുന്ന അദ്ദേഹത്തിന്റെ ഭാര്യ, ‘നിങ്ങള്‍ വേഗത്തില്‍ നീങ്ങേണ്ടിവരുമ്പോള്‍.’ എന്ന ഒരു വരി നല്‍കി. ഇത് ഇത്രയേറെ വൈറലാകുമെന്ന് പ്രതീക്ഷിച്ചില്ലെന്നാണ് ബോക്കര്‍ പറയുന്നത്. ചിലര്‍ ഇതുകണ്ട് ചിരിക്കുമെന്ന് പ്രതീക്ഷിച്ചിരുന്ന കമ്പനിക്ക് കാണാന്‍ കഴിഞ്ഞത് ‘ദശലക്ഷക്കണക്കിന് പ്രതികരണങ്ങളായിരുന്നു.
വ്യാഴാഴ്ചയോടെ, പോസ്റ്റ് 4.3 ദശലക്ഷം വ്യൂകളില്‍ എത്തി.സാധാരണയായി തങ്ങളുടെ പതിവ് പോസ്റ്റുകള്‍ 20,000 ആളുകളിലേക്കാണ് പരമാവധി എത്തിയിട്ടുള്ളതെന്നും കമ്പനി പറയുന്നു. തങ്ങള്‍ അതിരു കടന്നിട്ടില്ലെന്നും മോഷണത്തെ മഹത്വവത്ക്കരിച്ചിട്ടില്ലെന്നും കമ്പനി വ്യക്തമാക്കുന്നുണ്ട്.
മോഷണം ഇങ്ങനെ
നാലുപേരാണ് മ്യൂസിയത്തിന് മുന്നിലെത്തിയത്. രണ്ടുപേര്‍ മ്യൂസിയത്തിനുള്ളില്‍ കടന്നു. മോഷണത്തിന് ശേഷം ഇവര്‍ രണ്ടു ബൈക്കുകളിലായി രക്ഷപ്പെട്ടു. മോഷണം നടത്തി തിരിച്ചുവരാന്‍ എടുത്ത സമയം എന്നത് വെറും ഏഴ് മിനിറ്റാണ്. യന്ത്ര ലിഫ്റ്റ് ഉപയോഗിച്ചാണ് ഇവര്‍ മ്യൂസിയത്തിനുള്ളിലേക്ക് കടന്നത്. ഇത് സിസിടിവിയില്‍ വ്യക്തമാണ്. മഞ്ഞ ജാക്കറ്റുകള്‍ ധരിച്ച് മുഖം മൂടിയണിഞ്ഞ രണ്ടുപേര്‍ രാവിലെ 9:34 ന് മ്യൂസിയം തുറന്ന് അരമണിക്കൂറിന് ശേഷമാണ് ഗ്യാലറിയില്‍ എത്തിയത്. 9:38 ന് മോഷണം നടത്തി മോട്ടോര്‍ സൈക്കിളില്‍ രക്ഷപ്പെടുകയും ചെയ്തു.
That ‘lift’ was the star of the Louvre robbery














