
തിരുവനന്തപുരം: 63ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് ഇന്ന് കൊടിയേറും. രാവിലെ 9 ന് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ എസ്. ഷാനവാസ് പതാക ഉയര്‍ത്തുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കല്‍വിളക്കില്‍ തിരിതെളിച്ച് ഔദ്യോഗിക ഉദ്ഘാടനം നിര്‍വഹിക്കും.
നാല്‍പ്പത്തിനാലോളം വിദ്യാര്‍ഥികള്‍ പങ്കെടുക്കുന്ന നൃത്തശില്‍പത്തോടെയാണ് ചടങ്ങുകള്‍ക്ക് തുടക്കമാകുക. ശ്രീനിവാസന്‍ തൂണേരി സംഗീതം നല്‍കി കാവാലം ശ്രീകുമാര്‍ ചിട്ടപ്പെടുത്തിയ കലോത്സവത്തിന്റെ പ്രത്യേക സ്വാഗതഗാനവും ആഘോഷങ്ങളില്‍ ഉണ്ടായിരിക്കും. കലാമണ്ഡലത്തിലെയും പൊതുവിദ്യാലയങ്ങളിലെയും കുട്ടികള്‍ പങ്കെടുക്കും. വയനാട് വെള്ളാര്‍മല ജിഎച്ച്എസ്എസിലെ വിദ്യാര്‍ഥികളുടെ സംഘനൃത്തവും ഉദ്ഘാടനച്ചടങ്ങിന്റെ ഭാഗമാകും. ഉദ്ഘാടനത്തിനു ശേഷം ഒന്നാം വേദിയില്‍ ഹൈസ്‌കൂള്‍ പെണ്‍കുട്ടികളുടെ മോഹിനിയാട്ടം മത്സരം നടക്കും. ഉദ്ഘാടന ദിവസം 24 വേദികളിലായാണ് മത്സരങ്ങള്‍ നടക്കുക.
പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി, പൊതുവിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറി റാണി ജോര്‍ജ്ജ് , മന്ത്രിമാരായ ജി.ആര്‍.അനില്‍, കെ.രാജന്‍, എ.കെ.ശശീന്ദ്രന്‍, റോഷി അഗസ്റ്റിന്‍, കെ.എന്‍.ബാലഗോപാല്‍ എന്നിവരും മറ്റ് 29 വിശിഷ്ടാതിഥികളും ഉള്‍പ്പെടെ നിരവധി പ്രമുഖര്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കും.
കലോത്സവത്തിനായി ഇക്കുറി പതിനയ്യായിരത്തിലേറെ വിദ്യാര്‍ത്ഥികള്‍ മാറ്റുരയ്ക്കും. 25 വേദികളിലായി നടക്കുന്നത് 249 മത്സരയിനങ്ങളാണ്. ഹയര്‍ സെക്കന്‍ഡറി വിഭാഗം പെണ്‍കുട്ടികളുടെ സംഘനൃത്തവും, ഒപ്പനയും, ഹൈസ്‌കൂള്‍ വിഭാഗം പെണ്‍കുട്ടികളുടെ മാര്‍ഗംകളിയും ആദ്യദിനം തന്നെ വേദിയെ ഉണര്‍ത്തും.