അബ്ദുല്‍ റഹീമിന്റെ മോചനം വൈകും: കീഴ്‌ക്കോടതി വിധി ശരിവെച്ച് അപ്പീല്‍ കോടതി

റിയാദ്: സൗദിയിലെ ജയിലില്‍ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുല്‍ റഹീമിന്റെ മോചനം വൈകുന്നു. റഹീം ഇരുപത് വര്‍ഷം തടവ് ശിക്ഷ അനുഭവിക്കണമെന്ന കീഴ്‌ക്കോടതി വിധി അപ്പീല്‍ കോടതി ശരിവെച്ചു. മോചനം അനുവദിക്കണമെന്ന ആവശ്യം കോടതി പരിഗണിച്ചില്ല. കാലാവധി പൂര്‍ത്തിയാക്കണമെന്നാണ് കോടതി ഉത്തരവ്.

കീഴ്‌ക്കോടതി മെയ് 26-നാണ് 20 വര്‍ഷം തടവിന് വിധിച്ചുളള വിധിയുണ്ടായത്. റഹീം 19 വര്‍ഷം തടവ് അനുഭവിച്ചെന്നും ഒരുവര്‍ഷം മാത്രമാണ് ബാക്കിയുളളത്. അതിനാല്‍ മോചനം അനുവദിക്കണമെന്നാണ് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടത്. എന്നാല്‍ ഒരുവര്‍ഷം പൂര്‍ത്തിയാക്കണമെന്ന് കോടതി വിധിക്കുകയായിരുന്നു. പ്രോസിക്യൂഷന് മേല്‍ക്കോടതിയെ സമീപിക്കാമെന്നും കോടതി ഉത്തരവില്‍ പറയുന്നുണ്ട്. പിന്നാലെയാണ് പ്രോസിക്യൂഷന്‍ അപ്പീല്‍ സമര്‍പ്പിച്ചത്.

തന്റെ 26ാം വയസ്സില്‍ 2006-ലാണ് ഹൗസ് ഡ്രൈവര്‍ വിസയില്‍ റിയാദില്‍ എത്തിയ അബ്ദുല്‍ റഹീം സ്‌പോണ്‍സര്‍ ഫായിസ് അബ്ദുല്ല അബ്ദുല്‍ റഹ്‌മാന് അല് ഷഹ്രിയുടെ മകന്‍ അനസിനെ പരിചരിക്കലായിരുന്നു പ്രധാന ജോലി. കഴുത്തിന് താഴെ ചലനശേഷി ഇല്ലാതിരുന്ന അനസിന് ഭക്ഷണം നല്‍കിയിരുന്നത് കഴുത്തില്‍ ഘടിപ്പിച്ച ഉപകരണം വഴിയായിരുന്നു.

ഷോപ്പിംഗിനായി പുറത്തു പോകുമ്പോള്‍ ട്രാഫിക് സിഗ്‌നല്‍ കട്ട് ചെയ്യാന്‍ ആവശ്യപ്പെട്ട് അനസ് റഹീമിനോട് വഴക്കിടുകയും അബദ്ധത്തില്‍ കൈ കഴുത്തിലെ ഉപകരണത്തില്‍ തട്ടി അനസ് മരിക്കുകയുമായിരുന്നു. മരണത്തിൽ റഹീമിനെ കൊലക്കുറ്റം ചുമത്തി സൗദി പൊലീസ് അറസ്റ്റ് ചെയ്തു. 2006 ഡിസംബര്‍ മുതല്‍ ജയിലിലായ റഹീമിനെ 34 കോടിയിലേറെ രൂപ ദയാധനം നല്‍കിയതിനെ തുടര്‍ന്ന് വധശിക്ഷ ഒഴിവാക്കിയിരുന്നു.

More Stories from this section

family-dental
witywide