
തിരുവനന്തപുരം: സംസ്ഥാനത്ത് സമരം തുടരുന്ന ആശാ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ സമരത്തിന്റെ അഞ്ചാം ഘട്ട സമരം പ്രഖ്യാപിച്ചു. സമരം 141 ആം ദിവസത്തിൽ എത്തിനിൽക്കുമ്പോഴാണ് സമരത്തിൻ്റെ അടുത്ത ഘട്ടമായി സംസ്ഥാനത്തുടനീളം പ്രതിഷേധ സദസ്സ് സംഘടിപ്പിക്കാൻ അസോസിയേഷൻ തീരുമാനിച്ചിരിക്കുന്നത്. രണ്ടുമാസം കൊണ്ട് പഞ്ചായത്ത് തലത്തിൽ ആയിരം പ്രതിഷേധ സദസ്സുകൾ സംഘടിപ്പിക്കും.
ആശ വർക്കേഴ്സ് വിഷയം പഠിക്കാൻ സർക്കാർ നിയോഗിച്ച അഞ്ചംഗ സമിതിയുടെ ഹിയറിങ്ങ് സെക്രട്ടറിയേറ്റിൽ നടന്നു. ഹിയറിങ്ങിനു ശേഷം ഹരിത വി കുമാർ അധ്യക്ഷനായ സമിതി സർക്കാരിന് റിപ്പോർട്ട് നൽകണമെന്നാണ് നിർദ്ദേശം. ഇന്ന് നടന്ന ഹിയറിങ്ങിൽ ആശ വർക്കേഴ്സ് അസോസിയേഷൻ ഓണറേറിയം വർധിപ്പിക്കുക വിരമിക്കൽ ആനുകൂല്യം നൽകുക , പെൻഷൻ നൽകുക തുടങ്ങിയ 27 ആവശ്യങ്ങളാണ് മുന്നോട്ടുവച്ചത്.