
ദൈവവഴിയിലേക്ക് തിരിഞ്ഞെങ്കിലും ഏതൊരു അര്‍ജന്‍റീനക്കാരനെയും പോലെ ഫുട്ബോളിനെ സ്നേഹിച്ചയാളായിരുന്നു പോപ് ഫ്രാൻസിസും. സാൻ ലോറൻസോ ക്ലബിനെ ഹൃദയത്തിൽ കുടിയിരുത്തിയ മാർപാപ്പ ജീവിതത്തിലുടനീളം തികഞ്ഞ ഫുട്ബാൾ ആരാധകനായി തുടർന്നു. ഐ.ഡി നമ്പർ 88,235ൽ സാൻ ലോറൻസോ ക്ലബിന്റെ മെമ്പർഷിപ്പുണ്ടായിരുന്നു. ജീവിതത്തിന്റെ സങ്കീർത്തനമാണ് കളി എന്നായിരുന്നു മാർപാപ്പ പറഞ്ഞത്. ‘മറഡോണ..അദ്ദേഹം കളിക്കാരനെന്ന നിലയിൽ മഹാനായിരുന്നു. വ്യക്തിയെന്ന നിലയിൽ പക്ഷേ, പരാജയപ്പെട്ടുപോയി. വാഴ്ത്തുമൊഴികളുമായി ഒരുപാടുപേർ ഡീഗോയ്ക്ക് ചുറ്റും ഉണ്ടായിരുന്നു. പക്ഷേ, അവരാരും അദ്ദേഹത്തെ സഹായിച്ചില്ല’- തനിക്ക് ഏറ്റവും പ്രിയപ്പെട്ട കളിക്കാരനെ കുറിച്ച് മറഡോണ പറഞ്ഞത് ഇങ്ങനെയാണ്.
കളിചരിത്രത്തിൽ തന്‍റെ പ്രിയപ്പെട്ട താരങ്ങൾ ആരൊക്കെയാണെന്ന് ഫ്രാൻസിസ് മാർപാപ്പ ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തിയിട്ടുണ്ട്. തന്റെ നാട്ടുകാരായ ഡീഗോ മറഡോണക്കും ലയണൽ മെസ്സിക്കും ഒപ്പം പെലെയും മാര്‍പ്പാപ്പ ഇഷ്ടപ്പെട്ടു.‘ഈ മൂന്നുപേരിൽ പെലെയാണ് മഹാനായ ജെന്റിൽമാൻ. വിശാലമായ ഹൃദയത്തിന് ഉടമയാണ് അദ്ദേഹം. ബ്യൂണസ് അയേഴ്സിൽ വിമാനത്തിൽവെച്ച് ഒരിക്കൽ പെലെയുമായി ഞാൻ സംസാരിച്ചിട്ടുണ്ട്. ഒരുപാട് മനുഷ്യത്വം ഉള്ളിലുള്ളയാളാണ് പെലെ’- മാര്‍പ്പാപ്പ പറഞ്ഞത് ഇങ്ങനെയാണ്. മറഡോണയെ ഏറെ ഇഷ്ടമായിരുന്ന പോപ്പിന് അദ്ദേഹത്തിന്റെ വ്യക്തിജീവിതത്തിലെ പ്രശ്നങ്ങളും അകാലവിയോഗവുമൊക്കെ നൊമ്പരം പകരുന്നതായിരുന്നു. പല അത്‍ലറ്റുകളുടെയും അവസാനം അതുപോലെയാണെന്നും പോപ്പ് സങ്കടപൂർവം ചൂണ്ടിക്കാട്ടിയിരുന്നു. മെസ്സിയും ഏറെ മാന്യനായ കളിക്കാരനെന്നായിരുന്നു പ്രതികരണം. മൂന്നുപേരും മഹാന്മാരായ കളിക്കാരാണ്. മൂവർക്കും അവരുടേതായ പ്രത്യേകതകളുണ്ട് എന്നും പോപ്പ് പറഞ്ഞു.