
വയനാട്: സംസ്ഥാനത്തെ നടുക്കിയ വയനാട് മുണ്ടക്കെ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിൽ മരിച്ച രാജമ്മയുടെ മൃതദേഹഭാഗങ്ങൾ ഒന്നിച്ച് സംസ്കരിച്ചു. രണ്ട് ഇടങ്ങളിലായി സംസ്കരിച്ച രാജമ്മയുടെ മൃതദേഹഭാഗങ്ങൾ ഒന്നിച്ച് സംസ്കരിക്കണമെന്ന മകന്‍റെ ആഗ്രഹം ഇതോടെ സഫലമായി. സംസ്കാരസമയത്ത് രാജമ്മയുടെ ബന്ധുക്കളും പൊലീസും പഞ്ചായത്ത് അധികൃതരും സ്ഥലത്തെത്തി. മകൻ അനിൽ രാജമ്മയുടെ മൃതദേഹം ഒന്നിച്ച് സംസ്കരിക്കാൻ അനുമതി തേടി എട്ട് മാസത്തോളം സർക്കാർ ഓഫീസുകൾ കയറിയിറങ്ങിയിരുന്നു. തുടർന്നാണ് ജില്ലാ ഭരണകൂടം നടപടികൾക്കുള്ള ഉത്തരവ് അടിയന്തരമായി പുറത്തിറക്കിയത്.
ഉരുൾപ്പൊട്ടലിൽ സഹോദരന്‍റെ രണ്ട് മക്കളും സഹോദരിയുടെ മകനും ഒപ്പം അമ്മയും ഉൾപ്പെടെ നാല് പേരാണ് അനിലിന്‍റെ കുടംബത്തില്‍ നിന്ന് നഷ്ടമായത്. മൃതദേഹങ്ങള്‍ കണ്ടെത്താൻ തന്നെ ദിവസങ്ങളോളം എടുത്തിരുന്നു. ദുരന്തം ഉണ്ടായ ഒന്നരമാസത്തിന് ശേഷമാണ് ഡിഎൻഎ പരിശോധനയിലൂടെ അമ്മ രാജമ്മയെ പുത്തുമലയില്‍ രണ്ട് ഇടത്തായാണ് അടക്കിയതെന്ന് തിരിച്ചറിയത്. അന്ന് മുതല്‍ കളക്ടറേറ്റില്‍ കയറി ഇറങ്ങുകയായിരുന്നു അനില്‍. നേരത്തെയും ഇത്തരത്തില്‍ പലയിടങ്ങളില്‍ സംസ്കരിച്ച മൃതദേഹ ഭാഗങ്ങള്‍ ഡിഎൻഎ പരിശോധനയിലൂടെ കണ്ടെത്തി ഒന്നിച്ച് സംസ്കരിച്ചിട്ടുണ്ട്.