
ന്യൂഡല്‍ഹി : പഹല്‍ഗാമിനെയും രാജ്യത്തെയാകെയും മുറിവേല്‍പ്പിച്ച ഭീകരാക്രമണത്തിന് പിന്നില്‍ പാക്കിസ്ഥാന് പങ്കുണ്ടെന്ന വിലയിരുത്തലിനെ തുടര്‍ന്ന്, പാക്കിസ്ഥാനോടുള്ള നിലപാട് കടുപ്പിച്ച ഇന്ത്യ സിന്ധു നദീജല കരാര്‍ റദ്ദാക്കുന്നത് ഉള്‍പ്പെടെ എടുത്തത് സുപ്രധാന തീരുമാനങ്ങളായിരുന്നു. പാക്കിസ്ഥാന്റെ കിഴക്കന്‍ മേഖലയെ പൂര്‍ണ്ണമായും വരള്‍ച്ചയിലേക്ക് തള്ളിവിടുന്ന വലിയ തീരുമാനമാണിത്. ഭീകരാക്രമണത്തോടുള്ള ഇന്ത്യയുടെ പ്രതികരണവും തിരിച്ചടിയും എന്താകുമെന്ന ചോദ്യം രാജ്യത്താകെ ഉയരുന്ന ഒന്നാണ്. അതിനുള്ള ആദ്യ മറുപടിയാണ്
സിന്ധു നദീജല കരാര്‍ റദ്ദാക്കിയത്.

പാക്കിസ്ഥാനിലെ പ്രധാന കാര്‍ഷിക മേഖലയാണ് പഞ്ചാബ്. സിന്ധു നദീജല ഉടമ്പടി പ്രകാരം പാക്കിസ്ഥാനിലെ പ്രധാന പ്രവിശ്യയായ പഞ്ചാബിലേക്ക് കൃഷിക്കാവശ്യമായ വെള്ളമെത്തിക്കുന്നത് ഇതു വഴിയാണ്. അത് തടസ്സപ്പെടുന്നതോടെ പാക്കിസ്ഥാനകത്ത് തന്നെ വലിയ കലാപത്തിന് വഴിയൊരുങ്ങും. ഇവിടുത്തെ കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍ നിലച്ചാല്‍, അത് സ്വാഭാവികമായും പാക്കിസ്ഥാനിലെ മറ്റ് പ്രവശ്യകളെയും ബാധിക്കു. ഇതോടെ സാമ്പത്തിക വെല്ലുവിളികള്‍ക്കുപിന്നാലെ പാക്കിസ്ഥാനില്‍ ഇനി ഭക്ഷ്യ പ്രതിസന്ധി കൂടിയുണ്ടാകാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. അത് ആ രാജ്യത്തെ പൂര്‍ണ്ണമായും തകരുന്നതിലേക്ക് നയിക്കും.
സിന്ധു നദീജല കരാര്‍
സിന്ധു നദിയിലെയും അതിന്റെ പോഷകനദികളിലെയും ജലം പങ്കിടുന്നതുമായി ബന്ധപ്പെട്ട് ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള സുപ്രധാന ഉമ്പടിയാണ് സിന്ധു നദീജല കരാര്‍. ലോകബാങ്കിന്റെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചകള്‍ക്കൊടുവില്‍ 1960 സെപ്റ്റംബര്‍ 19 ന് അന്നത്തെ ഇന്ത്യന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവും പാകിസ്താന്‍ പ്രസിഡന്റ് ഫീല്‍ഡ് മാര്‍ഷല്‍ അയൂബ് ഖാനും കറാച്ചിയില്‍ വെച്ചാണ് ഈ ഉടമ്പടി ഒപ്പുവെച്ചത്. ഉടമ്പടി പ്രകാരം കിഴക്കന്‍ നദികളായ ബിയാസ്, രവി, സത്‌ലജ് എന്നിവയുടെ ജലത്തിന്റെ പൂര്‍ണ്ണ നിയന്ത്രണം ഇന്ത്യയ്ക്ക് ലഭിച്ചു. അതേസമയം, ഏകദേശം 99 ബില്യണ്‍ ക്യുബിക് മീറ്റര്‍ ശരാശരി വാര്‍ഷിക ഒഴുക്കുള്ള പടിഞ്ഞാറന്‍ നദികളായ സിന്ധു, ചെനാബ്, ഝലം എന്നിവയുടെ ജലത്തിന്റെ നിയന്ത്രണം പാക്കിസ്ഥാനാണ് നല്‍കിയിരിക്കുന്നത്. സിന്ധു നദീജല സംവിധാനത്തിലൂടെ ഒഴുകുന്ന ആകെ ജലത്തിന്റെ ഏകദേശം 30% ഇന്ത്യയ്ക്കും ബാക്കി 70% പാക്കിസ്ഥാനുമാണ്. ഇന്ത്യയില്‍ നിന്നും ഉത്ഭവിക്കുന്ന നദിയായിട്ടും വലിയ വിട്ടുവീഴ്ചയക്ക് തയ്യാറായാണ് ഈ കരാറിനായി നിലകൊണ്ടത്.

കരാര്‍ പ്രകാരം ഇന്ത്യയ്ക്ക് പടിഞ്ഞാറന്‍ നദികളിലെ ജലം, പരിമിതമായ ജലസേചന ആവശ്യങ്ങള്‍ക്കും വൈദ്യുതി ഉല്‍പ്പാദനം, ഗതാഗതം, മത്സ്യകൃഷി തുടങ്ങിയ ഉപഭോഗേതര ആവശ്യങ്ങള്‍ക്കും ഉപയോഗിക്കാന്‍ അനുമതിയുണ്ട്.
സിന്ധു നദിയിലെ ജലം പരമാവധി പ്രയോജനപ്പെടുത്തുന്നതിനുള്ള ഇരു രാജ്യങ്ങളുടെയും അവകാശങ്ങളും കടമകളും കരാറിന്റെ ആമുഖത്തില്‍ വ്യക്തമാക്കുന്നുണ്ട്.

സ്വാതന്ത്ര്യത്തിന് ശേഷം 1947-48 ലെ ഇന്തോ-പാകിസ്ഥാന്‍ യുദ്ധകാലത്ത് നദീജലത്തിന്റെ അവകാശങ്ങള്‍ ഇരു രാജ്യങ്ങള്‍ക്കുമിടയിലെ പ്രധാന തര്‍ക്ക വിഷയമായിരുന്നു. എന്നാല്‍ 1960 ല്‍ ഉടമ്പടി ഒപ്പുവച്ചതിന് ശേഷം ഇരു രാജ്യങ്ങളും നിരവധി സൈനിക പോരാട്ടങ്ങളില്‍ ഏര്‍പ്പെട്ടിട്ടുണ്ടെങ്കിലും ഒരു ജലയുദ്ധത്തിലേക്ക് ഇതുവരെ നീങ്ങിയിട്ടില്ല. എന്നാല്‍. ഒരു യുദ്ധകാലത്തും ഇന്ത്യ നടത്താത്ത കരാര്‍ റദ്ദാക്കലാണ് ഇപ്പോള്‍ 65 വര്‍ഷത്തിനു ശേഷം നടന്നിരിക്കുന്നത്. പാക്കിസ്ഥാന് എതിരായ ഇന്ത്യയുടെ ഏറ്റവും വലിയ സര്‍ജിക്കല്‍ സ്ട്രൈക്കാണിത് എന്ന് നിസ്സംശയം പറയാം.










