
ദില്ലി: അമേരിക്കയുമായുള്ള പ്രതിരോധ ഇടപാടുകൾ നിറുത്തി വെച്ചുവെന്ന റിപ്പോർട്ടുകൾ തള്ളി കേന്ദ്ര സർക്കാർ. ട്രംപിൻ്റെ താരിഫ് പശ്ചാത്തലത്തിൽ അമേരിക്കയുമായുള്ള പ്രതിരോധ ഇടപാടുകൾ നിർത്തിയെന്ന് അന്താരാഷ്ട്ര വാർത്ത ഏജൻസിയായ റോയിട്ടേഴ്സാണ് റിപ്പോർട്ട് ചെയ്തത്. എന്നാൽ ഇത് സത്യമല്ലെന്നും റോയിട്ടേഴ്സ് വാർത്ത തെറ്റാണെന്നും ഇന്ത്യൻ പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.
അതേസമയം പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗിന്‍റെ അമേരിക്കൻ സന്ദർശനം ഇന്ത്യ റദ്ദാക്കിയെന്ന വാർത്തകൾ കേന്ദ്രം തള്ളിയിട്ടില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദി നേരത്തെ നടത്തിയ സന്ദർശനത്തിന്‍റെ തുടർച്ചയായുള്ള സന്ദർശനമായിരുന്നു. തീരുവ വിഷയത്തിൽ അമേരിക്കൻ ഭീഷണിക്ക് മുന്നിൽ വലിയ വിട്ടുവീഴ്ച ചെയ്യേണ്ടതില്ലെന്ന നിലപാടിലാണ് ഇന്ത്യ എത്തിച്ചേർന്നിരിക്കുന്നതെന്നും വ്യക്തം. പരമാധികാരം സംരക്ഷിച്ചുകൊണ്ടുള്ള നടപടി മാത്രമേ കൈക്കൊള്ളു എന്നും സ്ഥിതി സംയമനത്തോടെ കൈകാര്യം ചെയ്യുമെന്നാണ് കേന്ദ്രത്തിന്‍റെ നിലപാട്.