
ന്യൂഡൽഹി: നിമിഷപ്രിയയുടെ മോചനത്തിൽ ഇടപെടാൻ പരിമിതിയുണ്ടെന്ന് കേന്ദ്രം സുപ്രീംകോടതിയിൽ. ദയാധനം സ്വീകരിക്കാതെ മറ്റു ചർച്ചകൾ കൊണ്ട് കാര്യമില്ലെന്നാണ് കേന്ദ്രം പറയുന്നത്. മാത്രമല്ല, വധശിക്ഷ നീട്ടിവെക്കാൻ യമൻ സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും കേന്ദ്രം സുപ്രീം കോടതിയെ അറിയിച്ചിട്ടുണ്ട്. യെമെനിൽ സ്വാധീനമുള്ള ഒരു ഷേഖിന്റെ സഹായം ഉപയോഗിക്കുന്നുണ്ടെന്നും കേന്ദ്ര സർക്കാരിന് വേണ്ടി അറ്റോർണി ജനറൽ ആർ. വെങ്കിട്ട രമണി സുപ്രീം കോടതിയെ അറിയിച്ചു. കേസ് സുപ്രീം കോടതി വെള്ളിയാഴ്ച പരിഗണിക്കും. എന്നാൽ ഈ ബുധനാഴ്ച വധശിക്ഷ നടത്തുമെന്നാണ് യമൻസർക്കാർ പ്രഖ്യാപിച്ചിട്ടുള്ളത്.
പാലക്കാട് ജില്ലയില്‍ നിന്നുള്ള നിമിഷ പ്രിയ 2011 ലാണ് ജോലിക്കായി യെമനിലേക്ക് പോയത്. യെമന്‍ പൗരനെ കൊലപ്പെടുത്തിയ കേസില്‍ നിലവില്‍ സനയിലെ ഒരു ജയിലില്‍ കഴിയുകയാണ് 38 കാരിയായ നിമിഷ പ്രിയ. കുടുംബത്തോടൊപ്പമാണ് ഇവര്‍ യെമനിലേക്ക് പോയതെങ്കിലും ഭര്‍ത്താവും മകളും മൂന്ന് വര്‍ഷത്തിന് ശേഷം 2014 ല്‍ യെമനിലെ ആഭ്യന്തര കലാപം കാരണം ഇന്ത്യയിലേക്ക് മടങ്ങി. കുടുംബത്തെ പോറ്റാന്‍ നിമിഷ അവിടെ തന്നെ തുടര്‍ന്നു. എന്നിരുന്നാലും, ഒരു ക്ലിനിക് തുറക്കണമെങ്കില്‍ വിദേശ മെഡിക്കല്‍ പ്രാക്ടീഷണര്‍മാര്‍ ഒരു യെമന്‍ പൗരനുമായി പങ്കാളിത്തം സ്ഥാപിക്കണമെന്ന യെമന്‍ നിയമ പ്രകാരം തലാല്‍ അബ്ദു മഹ്ദി എന്ന ആളുമായി സഹകരിച്ച് നിമിഷ ജോലി തുടര്‍ന്നു. പക്ഷേ, തന്റെ ക്ലിനിക്കിനായി നിമിഷ തന്നെ വിവാഹം കഴിച്ചുവെന്ന് വ്യാജമായി അവകാശപ്പെടാന്‍ രേഖകള്‍ വ്യാജമായി നിര്‍മ്മിച്ച മഹ്ദി, നിമിഷയുടെ പാസ്പോര്‍ട്ട് തടഞ്ഞുവച്ചു. വര്‍ഷങ്ങളോളം ശാരീരിക പീഡനത്തിനും സാമ്പത്തിക ചൂഷണത്തിനും തുടര്‍ച്ചയായ ഭീഷണികള്‍ക്കും വിധേയയാക്കി. 2017 ല്‍, യെമന്‍ വിടാന്‍ വേണ്ടി തന്റെ പാസ്പോര്‍ട്ട് കൈവശപ്പെടുത്താന്‍ ലക്ഷ്യമിട്ട് മഹ്ദിയെ മയക്കിക്കിടത്താന്‍ ഇവര്‍ ശ്രമിച്ചു, പക്ഷേ ഡോസ് മാരകമായി മാറുകയും അയാള്‍ മരിക്കുകയും ചെയ്തു. പിടിയിലായ നിമിഷയ്ക്ക് മൂന്ന് വര്‍ഷത്തിന് ശേഷം 2020 ല്‍ വധശിക്ഷ വിധിച്ചു. 2023 ല്‍ ഹൂത്തികളുടെ സുപ്രീം ജുഡീഷ്യല്‍ കൗണ്‍സില്‍ ഈ ഉത്തരവ് ശരിവച്ചു.
ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ അവരുടെ വധശിക്ഷ തടയാനുള്ള അന്തിമ ശ്രമങ്ങളിലാണെങ്കിലും അവര്‍ കഴിയുന്ന ജയില്‍ ഹൂത്തി ഭരണകൂടത്തിന്റെ നിയന്ത്രണത്തിലായത് വലിയ വെല്ലുവിളിയാണ്. ഇറാനുമായി ഇന്ത്യയ്ക്ക് ഔപചാരിക നയതന്ത്ര ബന്ധമില്ലാത്തതും വലിയ വെല്ലുവിളിയാണ്.












