
റായ്പൂര്‍: മനുഷ്യകടത്തും നിർബന്ധിത മതപരിവർത്തനവും ആരോപിച്ച് ഛത്തീസ്ഗഡില്‍ അറസ്റ്റിലായ മലയാളി കന്യാസ്ത്രീകള്‍ ജാമ്യം ലഭിച്ചതിൽ സന്തോഷം അറിയിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. സഭ ഞങ്ങളോട് സഹായിക്കണമെന്ന് പറഞ്ഞു. ഞങ്ങള്‍ സഹായിച്ചു. ഞങ്ങളെ ഏല്‍പിച്ച കാര്യമെല്ലാം ഞങ്ങള്‍ ചെയ്തു. അധ്വാനം ഫലം കണ്ടുവെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. ഛത്തീസ്ഗഡ് സര്‍ക്കാര്‍ ജാമ്യത്തെ എതിര്‍ക്കില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ വാക്ക് നൽകിയിരുന്നു. പറഞ്ഞതുപോലെ സംസ്ഥാന സര്‍ക്കാര്‍ ജാമ്യത്തിനെ എതിര്‍ത്തില്ലെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.
പാർട്ടിയുടെ നിർദേശ പ്രകാരം അനൂപ് ആന്റണി ഇവിടെ വന്നിരുന്നു. കൃത്യമായി എല്ലാം ചെയ്തു. രാഷ്ട്രീയ നാടകങ്ങള്‍ നടന്നില്ലായിരുന്നെങ്കില്‍ മൂന്ന് ദിവസം മുന്‍പ് തന്നെ കന്യാസ്ത്രീകൾക്ക് ജാമ്യം ലഭിക്കുമായിരുന്നുവെന്നും വിഷയത്തിലെ രാഷ്ട്രീയം നിലവില്‍ പറയാനില്ലെന്നും ജ്യൂഡീഷ്യറിക്കും ഛത്തീസ്ഗഡ് സംസ്ഥാന സര്‍ക്കാരിനും നന്ദി അറിയിക്കുന്നുവെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.