
കൊച്ചി: കേരളത്തിന്റെ പുറംകടലില്‍ ചരക്കുകപ്പലിന് തീപിടിച്ച് പരുക്കേറ്റ രണ്ട് പേരുടെ നില അതീവ ഗുരുതരമായി തുടരുന്നു. മംഗളൂരു എസ് ജെ ആശുപത്രിയില്‍ ചികിത്സയിലുള്ള ലൂ എന്‍ലി(ചൈന), സോണിറ്റൂര്‍ എസൈനി(തായ്വാന്‍) എന്നിവരാണ് അത്യാസന്ന നിലയില്‍ കഴിയുന്നത്.
അതേസമയം, കപ്പലപകടത്തില്‍ കാണാതായ നാല് പേര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. കപ്പലിലുണ്ടായ തീപിടിത്തം നിയന്ത്രിക്കാനായി കോസ്റ്റ് ഗാര്‍ഡിന്റെ അഞ്ച് കപ്പലുകളാണ് ബേപ്പൂരില്‍ നിന്ന് 88 നോട്ടിക്കല്‍ മൈല്‍ മാറി നിലയുറപ്പിച്ചിരിക്കുന്നത്. കപ്പലിലെ തീ നിയന്ത്രണാതീതമായി തുടരുകയായിരുന്നു. കണ്ടെയ്‌നറുകളിലുളള 20 ടണ്‍ വെടിമരുന്ന്, പെയിന്റ് അടക്കമുള്ള ചരക്കുകളാണ് ഉഗ്രശബ്ദത്തോടെ കത്തുന്നത്. ആകെ 22 പേരാണ് കപ്പലിലുണ്ടായിരുന്നത്. ഇവരില്‍ 18 പേരെ രക്ഷിക്കാന്‍ ഇന്ത്യന്‍ ഏജന്‍സികള്‍ക്ക് സാധിച്ചു. നാല് പേരെയാണ് കാണാതായിരിക്കുന്നത്.















