130 കോടി നൽകി കരാർ ഒപ്പിട്ടിട്ടുണ്ട്, മെസി ഉൾപ്പെട്ട അർജന്റീന ടീം വരില്ലെന്ന് അറിയിച്ചിട്ടില്ല; വന്നില്ലെങ്കിൽ നിയമ നടപടിയെന്നും ആൻ്റോ അഗസ്റ്റിൻ

കൊച്ചി: ഫുട്ബോള്‍ ഇതിഹാസം ലയണൽ മെസ്സിയടക്കമുള്ള അർജൻ്റീന ടീമിനെ കേരളത്തിലെത്തിക്കാൻ അര്‍ജന്‍റീന ഫുട്ബോള്‍ അസ്സോസിയേഷന് 130 കോടി രൂപ നൽകിയിരുന്നെന്നും ഇനി വരാതിരിക്കുന്നത് ചതിയാണെന്നും വരാതിരുന്നാല്‍ നിയമ നടപടികള്‍ ആലോചിക്കുമെന്നുംറിപോര്‍ട്ടര്‍ ടിവി ബ്രോഡ്കാസ്റ്റിംഗ് കോര്‍പറേഷൻ എം ഡി ആന്‍റോ അഗസ്റ്റിൻ.

റിപോര്‍ട്ടര്‍ ബ്രോഡ് കാസ്റ്റിംഗ് കോര്‍പറേഷന്‍ മെസ്സിയുള്‍പ്പെടുന്ന അര്‍ജന്‍റീന ടീമിനെ കേരളത്തിലെത്തിക്കാൻ അസ്സോസിയേഷനുമായി കരാർ ഉണ്ടാക്കിയിട്ടുണ്ട്. ഒക്ടോബർ മാസത്തിൽ കേരളത്തിൽ കളിക്കാമെന്ന് അര്‍ജന്‍റീന ഫുട്ബോള്‍ അസ്സോസിയേഷൻ സമ്മതിച്ചതാണ്. ഇതിന്‍റെ ഭാഗമായി ജൂണ്‍ ആറിനാണ് അര്‍ജന്‍റീന ഫുട്ബോള്‍ അസോസിയേഷന് 130 കോടി രൂപ നല്‍കിയതെന്നും ആൻ്റോ അഗസ്റ്റിൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

എല്ലാ അനുമതിയും എടുത്ത ശേഷമാണ് പണം നൽകിയത്. അര്‍ജന്റീന ഫുട്‌ബോള്‍ അസ്സോസിയേഷന്‍ പ്രസിഡന്റും സെക്രട്ടറിയുമായിട്ടായിരുന്നു കരാർ. ഇതനുസരിച്ച് പണം നല്‍കി. അത് അവര്‍ സ്വീകരിക്കുകയും ചെയ്തു. അർജന്‍റീന ടീം വരില്ലെന്ന് അവർ ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. എന്നാല്‍ ഈ വര്‍ഷം വരില്ലെന്നാണ് അവര്‍ അറിയിച്ചത്. 2026ലെ ലോകകപ്പിന് ശേഷം വരാം എന്നാണ് അവര്‍ അറിയിച്ചത്. അതിനോട് യോജിപ്പില്ല. മെസിയും സംഘവും വരികയാണെങ്കില്‍ ഈ വര്‍ഷം തന്നെ വരണം. ഒക്ടോബര്‍, നവംബര്‍ മാസത്തില്‍ വരാന്‍ കഴിയില്ലെന്ന് ഔദ്യോഗികമായി അറിയിപ്പ് ലഭിച്ചിട്ടില്ല. മെസ്സിയുള്‍പ്പെടുന്ന അര്‍ജന്‍റീന ടീം ഡിസംബറില്‍ ഇന്ത്യയിലെത്തുമെന്നാണ് ഇപ്പോൾ റിപ്പോര്‍ട്ടുകളുള്ളത്. മെസ്സി കേരളത്തില്‍ വരുന്നില്ലെങ്കില്‍ ഇന്ത്യയിൽ എവിടെയും വരില്ലെന്നും ആന്‍റോ അഗസ്റ്റിൻ പറഞ്ഞു.

More Stories from this section

family-dental
witywide