വര്‍ണാഭം, പ്രൗഢഗംഭീരം… 31 നിശ്ചലദൃശ്യങ്ങള്‍, തദ്ദേശീയമായി നിര്‍മിച്ച യുദ്ധ ടാങ്കറുകളും സൈനിക വാഹനങ്ങളും; 76ാം റിപ്പബ്ലിക് ദിനാഘോഷ നിറവില്‍ രാജ്യം

ന്യൂഡല്‍ഹി: വര്‍ണാഭമായി പ്രൗഢഗംഭീരമായി രാജ്യം എഴുപത്തിയാറാം റിപ്പബ്ലിക് ദിനാഘോഷത്തില്‍. കര്‍തവ്യ പഥില്‍ 76-ാമത് റിപ്പബ്ലിക് ദിന പരേഡ് സമാപിച്ചു.

രാവിലെ 10.30ന് രാഷ്ട്രപതി കര്‍ത്തവ്യപഥില്‍ എത്തിയതോടെ പരേഡിനു തുടക്കമായി. ദേശീയപതാക ഉയര്‍ത്തുന്നതിനു പിന്നാലെ 21 ഗണ്‍ സല്യൂട്ട് ചടങ്ങും നടന്നു. റിപ്പബ്ലിക് ദിന പരേഡില്‍ ഇന്തൊനീഷ്യന്‍ പ്രസിഡന്റ് പ്രബോവോ സുബിയാന്തോ ആയിരുന്നു മുഖ്യാതിഥി.

കര- വ്യോമ- നാവികസേനകളുടെ പ്രകടനം അതിഥികളില്‍ ആവേശമായി. ഇത്തവണത്തെ പരേഡിനു ഇന്തൊനീഷ്യന്‍ കരസേനയും അണിനിരന്നുവെന്നതാണ് ശ്രദ്ധേയം. കൂടാതെ, പരേഡില്‍ വിവിധ സംസ്ഥാനങ്ങളുടെയടക്കം 31 നിശ്ചലദൃശ്യങ്ങള്‍ വര്‍ഭശോഭ പകര്‍ന്നു.

ഇന്ത്യന്‍ കരസേന തദ്ദേശീയമായി നിര്‍മിച്ച യുദ്ധ ടാങ്കറുകളും സൈനിക വാഹനങ്ങളും പരേഡിന്റെ ഭാഗമായി. വ്യോമസേനയുടെ 40 യുദ്ധവിമാനങ്ങള്‍ ആകാശത്ത് വിസ്മയ കാഴ്ച ഒരുക്കി. നാവികസേനയുടെയും വിവിധ അര്‍ധസൈനിക വിഭാഗങ്ങളുടെയും സംഘവും പരേഡില്‍ അണിനിരന്നു. ഇക്കുറി അയ്യായിരത്തിലധികം കലാകാരന്മാരാണ് കര്‍ത്തവ്യപഥില്‍ നടന്ന കലാവിരുന്നിന്റെ ഭാഗമായത്.

76ാമത് വാര്‍ഷികാഘോഷ വേളയില്‍ ദേവഭൂമി ദ്വാരകയില്‍ സ്‌കൂബ ഡൈവര്‍മാര്‍ വെള്ളത്തിനടിയില്‍ ദേശീയ പതാക ഉയര്‍ത്തി.

കേരളത്തിലും ആഘോഷം മികവുറ്റതായി. മുഖ്യമന്ത്രിക്ക് കേരളത്തെപ്പറ്റി കൃത്യമായ ദീര്‍ഘവീക്ഷണമുണ്ടെന്നും വികസിത കേരളമാണ് അദ്ദേഹത്തിന്റെ ലക്ഷ്യമെന്നും ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍ റിപ്പബ്ലിക് ദിന പരേഡിനെ അഭിസംബോധന ചെയ്ത് അഭിപ്രായപ്പെട്ടു. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തിലായിരുന്നു സംസ്ഥാന തല പരേഡ്. മുഖ്യമന്ത്രിയടക്കം ചടങ്ങിലെത്തിയിരുന്നു.

പരേഡ് ചടങ്ങിനിടെ സിറ്റി പൊലീസ് കമ്മീഷണര്‍ കുഴഞ്ഞുവീണ സംഭവവുമുണ്ടായി. പരേഡിനെ അഭിസംബോധന ചെയ്ത് ഗവര്‍ണര്‍ സംസാരിക്കുന്നതിനിടെയാണ് സിറ്റി പൊലീസ് കമ്മീഷണര്‍ തോംസണ്‍ ജോസ് കുഴഞ്ഞുവീണത്. ഇദ്ദേഹത്തെ ഉടനെ സഹപ്രവര്‍ത്തകര്‍ ആംബുലന്‍സിലേക്ക് മാറ്റി. പ്രാഥമിക ശുശ്രൂഷയ്ക്ക് ശേഷം അദ്ദേഹം തിരിച്ചെത്തി.

More Stories from this section

family-dental
witywide