രാജ്യം 79-ാം സ്വതന്ത്ര്യ ദിനാഘോഷത്തിലേക്ക്; ചെങ്കൊട്ടയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ത്രിവർണ്ണ പതാക ഉയർത്തും, അതീവ സുരക്ഷയിൽ രാജ്യം

രാജ്യം ഇന്ന് 79-ാം സ്വതന്ത്ര്യ ദിനം ആഘോഷിക്കുന്നു. ചെങ്കോട്ടയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ത്രിവർണ്ണ പതാക ഉയർത്തും. പഹൽഗാം ഭീകരാക്രമണം, ഓപ്പറേഷൻ സിന്ധൂർ എന്നിവയുടെ പശ്ചാത്തലത്തിൽ സ്വാതന്ത്ര്യദിന ആഘോഷങ്ങൾക്കായി അതീവ സുരക്ഷയിലാണ് രാജ്യം. സ്വതന്ത്ര്യദിനാഘോഷത്തിൽ 28 സംസ്ഥാനങ്ങളിൽ നിന്നുമുള്ള ഇരുനൂറോളം പഞ്ചായത്ത് പ്രതിനിധികളും തിരഞ്ഞെടുത്ത 75 യുവ സാഹിത്യകാരും ഇത്തവണ സ്വാതന്ത്ര്യദിനാഘോഷ ത്തിൽ പ്രത്യേക അതിഥികളായി പങ്കെടുക്കും.

ചെങ്കോട്ടയിൽ എഫ്ആർഎസ്, എഎൻപിആർ ക്യാമറകൾ എന്നിവയുൾപ്പെടെയുള്ള ഹൈടെക് നിരീക്ഷണത്തിനു പുറമേ ഇത്തവണ ആദ്യമായി, ചെങ്കോട്ടയ്ക്ക് സമീപമുള്ള അഞ്ച് പാർക്കിംഗ് ഏരിയകളിൽ സ്ഫോടകവസ്തുക്കൾ, ആയുധങ്ങൾ എന്നിവ പരിശോധിക്കാൻ വാഹനങ്ങളുടെ അടിഭാഗം സ്കാൻ ചെയ്യുന്നതിന് അണ്ടർ-വെഹിക്കിൾ സർവൈലൻസ് സിസ്റ്റം (UVSS) ഉപയോഗിക്കും. അതിർത്തിയിലും, വിമാനത്താവളങ്ങളിലും, തന്ത്രപ്രധാന ഇടങ്ങളിലും പ്രത്യേക സുരക്ഷ ഏർപ്പെടുത്തി. ഡൽഹിയിൽ കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.10,000-ത്തിലധികം പൊലീസ് ഉദ്യോഗസ്ഥരെയും 3,000 ട്രാഫിക് പൊലീസുകാരെയും വിന്യസിച്ചിട്ടുണ്ട്. നിരീക്ഷണത്തിനായി ഹൈ ടെക് ക്യാമറകളും,അണ്ടർ-വെഹിക്കിൾ സർവൈലൻസ് സിസ്റ്റവും സ്ഥാപിച്ചു.

സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് രാഷ്ട്രപതി ദ്രൗപതി മുര്‍മു രാജ്യത്തെ അഭിസംബോധന ചെയ്തു. വിഭജനത്തിന്റെ നാളുകളെ മറക്കരുതെന്ന് പറഞ്ഞുകൊണ്ട് രാഷ്ട്രപതി രാജ്യത്തെ അഭിസംബോധന ചെയ്തു. ഇന്ത്യ ജനാധിപത്യത്തിന്റെ ജനനിയാണെന്നും വിഭജനത്തിന്റെ നാളുകളെ മറക്കരുതെന്നും കൊളോണിയല്‍ ഭരണത്തിന്റെ നീണ്ട വര്‍ഷങ്ങളില്‍ നിന്നുള്ള മോചനത്തിന്റെ ഓര്‍മദിനമാണിതെന്നും ദ്രൗപതി മുര്‍മു പറഞ്ഞു. അതേസമയം, രാഷ്ട്രപതിയുടെ പൊലീസ് മെഡലുകൾക്ക് ഇത്തവണ 1090 പേരാണ് അർഹരായത്. ഇതിൽ 233 പേർക്ക് ധീരതയ്ക്കും, 99 പേർക്ക് വിശിഷ്ടസേവനത്തിനും 758 പേർക്ക് സ്തു‌ത്യർഹ സേവനത്തിനുമാണ് മെഡലുകൾ.കേരളത്തിൽ നിന്ന് എസ്‌പി അജിത് വിജയൻ വിശിഷ്ട സേവനത്തിനുള്ള മെഡലിന് അർഹനായി.

ചടങ്ങിൽ 127 സൈനികരാണ് രാജ്യത്തിന്‍റെ ആദരം ഏറ്റുവാങ്ങുന്നത്. നാലുപേര്‍ക്ക് കീര്‍ത്തി ചക്ര പുരസ്കാരവും 15 പേര്‍ക്ക് വീര്‍ചക്ര പുരസ്കാരവും 16 പേര്‍ക്ക് ശൗര്യചക്ര പുരസ്കാരവും നൽകും. 58 പേര്‍ക്ക് ധീരതയ്ക്കുള്ള സേനാ മെഡലും 26 പേര്‍ക്ക് വായുസേന മെഡലും ഒമ്പതുപേര്‍ക്ക് ഉദ്ദം യുദ്ധ് സേവ മെഡലും നൽകും.ധീരതയ്ക്കുള്ള നാവികസേന മെഡൽ മലയാളിയായ നാവികസേന കമാന്‍ഡര്‍ വിവേക് കുര്യാക്കോസിന് സമ്മാനിക്കും. യുദ്ധസേവ മെഡൽ മലയാളി വൈസ് അഡ്മിറൽ എഎൻ പ്രമോദിനും നൽകും.

സംസ്ഥാനത്ത് സ്വാതന്ത്ര്യദിനാഘോഷ പരിപാടികളുടെ ഭാഗമായി സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കുന്ന ചടങ്ങിൽ രാവിലെ 9 ന് മുഖ്യമന്ത്രി പിണറായി വിജയൻ ദേശീയ പതാക ഉയർത്തും. വിവിധ സായുധ സേനാ വിഭാഗങ്ങളുടെയും മറ്റ് വിഭാഗങ്ങളുടെയും പരേഡിൽ മുഖ്യമന്ത്രി അഭിവാദ്യം സ്വീകരിക്കും. തുടർന്ന് മുഖ്യമന്ത്രി സ്വാതന്ത്ര്യദിന സന്ദേശം നൽകും. വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതിയുടെ പോലീസ് മെഡലുകൾ, ഫയർ സർവ്വീസ് മെഡലുകൾ, കറക്ഷനൽ സർവ്വീസ് മെഡലുകൾ, ജീവൻ രക്ഷാപതക്കങ്ങൾ എന്നിവ മുഖ്യമന്ത്രി സമ്മാനിക്കും.

More Stories from this section

family-dental
witywide