
ഒട്ടാവ: കാനഡയിലെ പൊതു തിരഞ്ഞെടുപ്പിലെ വോട്ടെണ്ണല്‍ പുരോഗമിക്കവെ,
മാര്‍ക്ക് കാര്‍ണിയുടെ ലിബറല്‍ പാര്‍ട്ടി 45-ാമത് ഫെഡറല്‍ തിരഞ്ഞെടുപ്പില്‍ വിജയിക്കുമെന്ന പ്രവചനങ്ങള്‍ വരുന്നു. കാനഡയിൽ നിലവിലെ വോട്ടുനില ലിബറലുകൾക്ക് അനുകൂലമാണ്.
കാനഡയുടെ പബ്ലിക് ബ്രോഡ്കാസ്റ്റര്‍ സിബിസി ന്യൂസിന്റെ പ്രവചനങ്ങള്‍ പ്രകാരം, കനേഡിയന്‍ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണിയുടെ ലിബറല്‍ പാര്‍ട്ടി ഫെഡറല്‍ തിരഞ്ഞെടുപ്പില്‍ വിജയിക്കുകയും കാനഡയില്‍ അടുത്ത സര്‍ക്കാര്‍ രൂപീകരിക്കുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. ഇതുവരെ ഫലം പ്രഖ്യാപിച്ച 24 സീറ്റുകളിൽ 19 എണ്ണവും ലിബറൽ പാർട്ടി നേടി. കൺസേർവേറ്റിവുകൾക്ക് 5 സീറ്റാണ് നേടാനായത്.
കാനഡയിൽ എല്ലാ പ്രവിശ്യകളിലും പോളിങ് അവസാനിച്ചു. വോട്ടെണ്ണൽ പുരോഗമിക്കുകയാണ്. വോട്ടെണ്ണല്‍ തുടങ്ങി ഫലസൂചനകള്‍ പുറത്തുവരുന്നതോടെ, 343 അംഗ പാര്‍ലമെന്റില്‍ പ്രതിപക്ഷ കണ്‍സര്‍വേറ്റീവുകളേക്കാള്‍ കൂടുതല്‍ സീറ്റുകള്‍ ലിബറലുകള്‍ നേടുമെന്ന് പ്രവചിക്കപ്പെടുന്നു. എന്നിരുന്നാലും, പാര്‍ട്ടിക്ക് പൂര്‍ണ്ണ ഭൂരിപക്ഷം ലഭിക്കുമോ എന്നത് ഇനിയും വ്യക്തമല്ല. മറ്റ് പാര്‍ട്ടികളുടെ പിന്തുണയില്ലാതെ ഭരിക്കാന്‍ അവര്‍ക്കാകുമോ എന്നതും കാത്തിരുന്ന് കാണണം. കനേഡിയന്‍ ഫെഡറല്‍ തിരഞ്ഞെടുപ്പില്‍, ഹൗസ് ഓഫ് കോമണ്‍സില്‍ 343 സീറ്റുകളുണ്ട്. ഭൂരിപക്ഷ സര്‍ക്കാര്‍ ഉറപ്പാക്കാന്‍ ഒരു പാര്‍ട്ടിക്ക് 172 സീറ്റുകള്‍ ആവശ്യമാണ്.
കാനഡ യുഎസിലെ 51-ാമത്തെ സംസ്ഥാനമാകണമെന്ന നിര്‍ദ്ദേശങ്ങള്‍ ഉള്‍പ്പെടെയുള്ള ട്രംപിന്റെ അഭിപ്രായങ്ങള്‍ കനേഡിയന്‍ വോട്ടര്‍മാരെ ചില്ലറയ്ക്കല്ല പ്രകോപിപ്പിച്ചത്. അവര്‍ പോളിംഗ് ബൂത്തിലേക്ക് പോകുമ്പോഴും ഇതേ കാര്യം ട്രംപ് ആവര്‍ത്തിച്ചുകൊണ്ടിരുന്നു. പ്രചാരണത്തിൽ പിന്നിലായിരുന്ന മാർക്ക് കാർണി ട്രംപിന്റെ വ്യാപാര നയത്തിലെ രൂക്ഷ പരാമർശങ്ങൾ പ്രചാരണത്തിന് ഉപയോഗിച്ചതോടെയാണ് പിന്തുണ ഉയർന്നത്. അതേസമയം കണ്‍സെര്‍വേറ്റീവ് പാര്‍ട്ടി നേതാവായ പിയറി മാര്‍സെല്‍ പോളിവെര്‍ ഒരു ദശാബ്ദത്തോളം നീണ്ട ലിബറല്‍ പാര്‍ട്ടി ഭരണം അവസാനിപ്പിക്കാനാണ് വോട്ട് തേടിയത്.
ഇലക്ഷൻസ് കാനഡയുടെ കണക്കനുസരിച്ച്, തിരഞ്ഞെടുപ്പ് ദിവസത്തിന് മുമ്പ് തന്നെ 7.3 ദശലക്ഷം ആളുകൾ വോട്ട് രേഖപ്പെടുത്തിയിരുന്നു. 28.9 ദശലക്ഷം വോട്ടർമാർക്ക് വോട്ടുചെയ്യാൻ അർഹതയുണ്ട്.