‘സിപിഎമ്മിന്റെ ഗുഡ് സർട്ടിഫിക്കേറ്റ് ഞങ്ങൾക്ക് വേണ്ട, വോട്ടിന് വേണ്ടി ചർച്ച നടത്തിയിട്ടുണ്ട്’; മുഖ്യമന്ത്രിയുടെ വെളിപ്പെടുത്തലിന് ജമാഅത്തെ ഇസ്ലാമിയുടെ മറുപടി

തിരുവനന്തപുരം: സി.പി.എമ്മുമായി 2011-ൽ നടന്ന രഹസ്യ ചർച്ച വോട്ടിന് വേണ്ടി മാത്രമായിരുന്നുവെന്ന് ജമാഅത്തെ ഇസ്ലാമി വ്യക്തമാക്കി. മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ പാർട്ടി സെക്രട്ടറി
എം വി ഗോവിന്ദൻ പറഞ്ഞ “ചർച്ച നടന്നില്ല” എന്ന നുണ തിരുത്തിയതോടെയാണ് പ്രതികരണമെന്നും ജമാഅത്ത് ഇസ്ലാമി നേതൃത്വം വ്യക്തമാക്കി. 2011 ഏപ്രിൽ 3-ന് ആലപ്പുഴ ഗസ്റ്റ് ഹൗസിൽ നടന്ന ചർച്ചയിൽ സി.പി.എം തങ്ങളോട് വോട്ട് ചോദിച്ചു, അത് ഞങ്ങൾ നൽകുകയും ചെയ്തുവെന്ന് ജമാഅത്തെ ഇസ്ലാമി സംസ്ഥാന സെക്രട്ടറി പി.എം ശിഹാബ് പുക്കോട്ടൂർ വെളിപ്പെടുത്തി.

സി.പി.എമ്മിന്റെ ഗുഡ് സർട്ടിഫിക്കറ്റിന് ജമാഅത്തിന് ആവശ്യമില്ലെന്നും ആ ചർച്ചകൾ അത്തരം സർട്ടിഫിക്കറ്റ് വാങ്ങാനായിരുന്നില്ലെന്നും ശിഹാബ് പുക്കോട്ടൂർ കൂട്ടിച്ചേർത്തു. “ഞങ്ങൾക്ക് ആരുടെയും സർട്ടിഫിക്കറ്റ് വേണ്ട, വോട്ട് മാത്രമാണ് ചർച്ചയിൽ സി.പി.എം ചോദിച്ചതും ഞങ്ങൾ നൽകിയതും” എന്ന് അദ്ദേഹം വ്യക്തമാക്കി. മുഖ്യമന്ത്രിയുടെ വെളിപ്പെടുത്തൽ ജമാഅത്തിനെതിരായ ആരോപണമല്ല, സ്വന്തം പാർട്ടിയിലെ നുണയാണ് തുറന്നുകാട്ടിയതെന്നും ജമാഅത്ത് നേതൃത്വം അവകാശപ്പെട്ടു.

ശിഹാബ് പുക്കോട്ടൂരിന്റെ കുറിപ്പ്

ജമാഅത്ത് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയത് ഒടുവിൽ മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ സ്‌ഥിരീകരിച്ചിരിക്കുകയാണ്.
അങ്ങനെ ചർച്ചകൾ നടന്നിട്ടേയില്ലെന്ന പാർട്ടി സെക്രട്ടറിയുടെയും സൈബർ പ്രചാരകരുടെയും വാദങ്ങൾ നുണയായിരുന്നുവെന്ന് സമ്മതിക്കുകയാണ് ഇതിലൂടെ മുഖ്യമന്ത്രി ചെയ്യുന്നത്. പക്ഷേ, അപ്പോഴും ചില തെറ്റിദ്ധാരണകൾ പരത്താനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്. അദ്ദേഹം പറഞ്ഞതു പോലെ എ.കെ.ജി സെൻററിലല്ല ചർച്ച നടന്നത്. ചർച്ചകൾ വിവിധ സ്ഥലങ്ങളിൽ നടന്നിട്ടുണ്ട്. അതിലൊരു ചർച്ച ആലപ്പുഴ ഗസ്റ്റ് ഹൗസിൽ ആയിരുന്നു.(2011 മാർച്ച് 31ന് പാർട്ടി സെക്രട്ടറിയായിരുന്ന പിണറായി വിജയനുമായി ഗസ്റ്റ് ഹൗസിൽ നടന്ന ചർച്ചയിൽ അന്നത്തെ അമീറായിരുന്ന ടി. ആരിഫലിയും ശൈഖ് മുഹമ്മദ് കാരക്കുന്നുമായിരുന്നു ജമാഅത്തിനെ പ്രതിനിധീകരിച്ച് പങ്കെടുത്തത്.)
സന്ദർശനത്തെയും ചർച്ചയെയും സാധൂകരിച്ച് കൊണ്ട് പിണറായി വിജയൻ തന്നെ പ്രസ്താവന നടത്തിയതുമാണ്.

സി.പി.എമ്മിൽ നിന്ന് ഗുഡ് സർട്ടിഫിക്കറ്റ് വാങ്ങാനായിരുന്നില്ല ആ ചർച്ചകൾ. ജമാഅത്തിന് അങ്ങിനെയൊരു സർട്ടിഫിക്കറ്റിന്റെ ആവശ്യമുണ്ടായിരുന്നില്ല. അത് കൊണ്ട് അത് ചോദിച്ചിട്ടുമില്ല; തന്നതുമില്ല.
അങ്ങിനെയൊരു സർട്ടിഫിക്കറ്റ് ഇഷ്യു ചെയ്യാൻ അധികാരമുള്ള ഏജൻസിയാണ് സി.പി.എം എന്ന് ജമാഅത്ത് കരുതുന്നുമില്ല. സി.പി.എം ചോദിച്ചത് വോട്ടാണ്. അത് ഞങ്ങൾ നൽകുകയും ചെയ്തു. അത് അത്രയൊന്നും വിദൂരമല്ലാത്ത ചരിത്രമാണ്. അതിനെ നിഷേധിക്കുന്നത് പച്ചക്കള്ളമാണ്.

More Stories from this section

family-dental
witywide