
പാലക്കാട് : ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിനി ആശിര്‍നന്ദയുടെ മരണത്തില്‍ ഗുരുതര കണ്ടെത്തലുമായി വിദ്യാഭ്യാസ വകുപ്പ്. പാലക്കാട് ഡിഡിഇ നടത്തിയ അന്വേഷണത്തിൽ ശ്രീകൃഷ്ണപുരം സെന്റ് ഡൊമിനിക് സ്‌കൂളിനെതിരെ ഗുരുതര കണ്ടെത്തലുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മാര്‍ക്ക് അടിസ്ഥാനത്തില്‍ ക്ലാസ്സ് മാറ്റി ഇരുത്തിയത് ചട്ടവിരുദ്ധമാണെന്നും ക്ലാസ് മാറ്റി ഇരുത്തിയ ദിവസം തന്നെയാണ് ആശിര്‍നന്ദ ആത്മഹത്യ ചെയ്തതെന്നും അന്വേഷണത്തിൽ കണ്ടെത്തി. മാര്‍ക്ക് കുറഞ്ഞാല്‍ തരംതാഴ്ത്തുന്നതിന് സമ്മതമാണെന്നുള്ള കത്ത് രക്ഷിതാക്കളില്‍ നിന്ന് സ്‌കൂള്‍ അധികൃതര്‍ നിര്‍ബന്ധപൂര്‍വ്വം ഒപ്പിട്ടു വാങ്ങിയതായും അന്വേഷണത്തില്‍ കണ്ടെത്തി. ജില്ലാ കളക്ടര്‍ക്കും പൊതു വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ക്കും അന്വേഷണ റിപ്പോര്‍ട്ട് ഡിഡിഇ കൈമാറി.
വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ ഇക്കഴിഞ്ഞ ജൂണ്‍ 24നാണ് ആശിര്‍നന്ദയെ കണ്ടെത്തിയത്. ഇതിന് പിന്നാലെ സ്‌കൂള്‍ അധികൃതര്‍ക്കെതിരെ വ്യാപക പ്രതിഷേധവുമായി വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും വിദ്യാര്‍ത്ഥി സംഘടനകളും രംഗത്തെത്തിയിരുന്നു. മാര്‍ക്ക് കുറഞ്ഞതിന്റെ പേരില്‍ ക്ലാസ് മാറ്റിയിരുത്തിയതിനെ തുടര്‍ന്നുണ്ടായ മനോവിഷമത്തിലാണ് ആശിര്‍നന്ദ ജീവനൊടുക്കിയതെന്നായിരുന്നു രക്ഷിതാക്കളുടേയും ബന്ധുക്കളുടേയും ആരോപണം. പ്രതിഷേധത്തിന് പിന്നാലെ ആരോപണവിധേയരായ സ്‌കൂളിലെ പ്രധാന അധ്യാപിക അടക്കം മൂന്ന് അധ്യാപകരെ പുറത്താക്കിയതായി സ്‌കൂള്‍ മാനേജ്‌മെന്റ് അറിയിച്ചു. പ്രധാന അധ്യാപിക ജോയ്‌സി ഒ പി, അധ്യാപകരായ തങ്കം, അര്‍ച്ചന, അമ്പിളി, സ്റ്റെല്ലാ ബാബു എന്നിവരെ പുറത്താക്കിയെന്നും വിദ്യാര്‍ത്ഥികള്‍ക്കെതിരായ ചട്ടവിരുദ്ധമായ നടപടികള്‍ ഇനി ഉണ്ടാകില്ലെന്നും സ്‌കൂള്‍ മാനേജ്‌മെന്റ് അറിയിച്ചു. ഇതോടെയാണ് രക്ഷിതാക്കളും വിദ്യാര്‍ത്ഥി സംഘടനകളും പ്രതിഷേധം താത്ക്കാലികമായി അവസാനിപ്പിച്ചത്.
ഇതിനിടെ മരിക്കുന്നതിന് മുന്‍പ് സുഹൃത്തിന്റെ ബുക്കിന്റെ പിൻഭാഗത്ത് ആശിര്‍നന്ദ എഴുതിയ കുറിപ്പ് സുഹൃത്തുക്കള്‍ പൊലീസിന് കൈമാറി. ഗുരുതര ആരോപണങ്ങള്‍ സ്‌കൂളിലെ അധ്യാപകര്‍ക്കെതിരെ ഉന്നയിച്ചുകൊണ്ടായിരുന്നു ആശിര്‍നന്ദയുടെ കുറിപ്പ്. സ്‌കൂളിലെ അധ്യാപകര്‍ തന്റെ ജിവിതം തകര്‍ത്തു എന്നായിരുന്നു ആശിര്‍നന്ദ എഴുതിയിരുന്നത്. അധ്യാപകരായ അര്‍ച്ചന, അമ്പിളി എന്നിവരുടെ പേരും കുറിപ്പില്‍ ഉണ്ടായിരുന്നു. സ്റ്റെല്ലാ ബാബു എന്ന അധ്യാപിക മാനസികമായി പീഡിപ്പിച്ചിരുന്നതായി ആശിര്‍നന്ദ പറഞ്ഞിരുന്നതായി സുഹൃത്തുക്കള്‍ പൊലീസിനോട് പറഞ്ഞിരുന്നു.