
ബെറ്റിങ് ആപ്പ് പരസ്യത്തിൽ എൻഫോഴ്‌സ് ഡയറക്ടറേറ്റ് പിടിമുറുക്കുന്നു. ബെറ്റിങ് ആപ്പുകൾക്കായി പരസ്യംചെയ്ത താരങ്ങൾക്കെതിരേയും സോഷ്യൽമീഡിയാ ഇൻഫ്ളുവൻസർമാർക്കെതിരേയും കേസെടുത്ത് എൻഫോഴ്‌സ് ഡയറക്ടറേറ്റ്. നടൻമാരായ വിജയ് ദേവരകൊണ്ട, റാണ ദഗ്ഗുബാട്ടി, പ്രകാശ് രാജ്, നിധി അഗർവാൾ, മഞ്ചു ലക്ഷ്മി എന്നീ താരങ്ങൾക്കെതിരെയാണ് ബെറ്റിങ് ആപ്പ് പരസ്യത്തിൽ അഭിനയിച്ചത് പ്രകാരം ഇസിഐആർ(എൻഫോഴ്‌സ് കേസ് ഇൻഫർമേഷൻ റിപ്പോർട്ട്) രജിസ്റ്റർ ചെയ്തത്. കേസിൽ ഉൾപ്പെട്ട രണ്ട് ടെലിവിഷൻ അവതാരകർക്ക് വൈകാതെ സമൻസ് അയക്കുമെന്നും ഇഡി അറിയിച്ചു.
എന്നാൽ, കഴിവ് അടിസ്ഥാനമാക്കിയുള്ള ഗെയിമായ എ23യുടെ ബ്രാൻഡ് അംബാസിഡർ മാത്രമാണ് താനെന്നാണ് വിജയ് ദേവരകൊണ്ടയുടെ ന്യായീകരണം. സ്കിൽ ബേസ്‌ഡ് ഗെയിം എന്ന നിലയിൽ റമ്മിയെ സുപ്രീംകോടതി നൈപുണ്യത്തിന്റെ കളിയായി അംഗീകരിച്ചിട്ടുണ്ടെന്നും വിജയ് ദേവരകൊണ്ടയുടെ പ്രതിനിധികൾ ചൂണ്ടിക്കാണിച്ചു. നൈപുണ്യത്തെ അടിസ്ഥാനമാക്കിയുള്ള ഗെയിമിങ് ആപ്പുമായി തനിക്കുണ്ടായിരുന്ന ബന്ധം 2017-ൽ അവസാനിച്ചുവെന്ന് റാണ ദഗ്ഗുബാട്ടിയും തന്റെ ലീഗൽ ടീം വഴി അറിയിച്ചു. 2016-ൽ താൻ ജംഗിൾ റമ്മിയെ പ്രോത്സാഹിപ്പിച്ചിരുന്നുവെന്ന് എന്നാൽ ഒരു വർഷത്തിനുള്ളിൽ കരാർ അവസാനിപ്പിച്ചുവെന്നും നടൻ പ്രകാശ് രാജും വ്യക്തമാക്കി. നിയമപരമായിരുന്നുവെങ്കിലും ധാർമികമായി ശരിയായി തോന്നിയില്ല. ചൂതാട്ടവുമായി ബന്ധപ്പെട്ട ഒരു പ്ലാറ്റ്ഫോമിനെയും താൻ പ്രമോട്ട് ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, പ്രമുഖ അഭിനേതാക്കൾ, ഹർഷൻ സായ് ഉൾപ്പെടെയുള്ള സോഷ്യൽമീഡിയാ ഇൻഫ്ളുവൻസർമാർ, ലോക്കൽ ബോയ് നാനി എന്ന യൂട്യൂബ് ചാനലിൻ്റെ നടത്തിപ്പുകാർ എന്നിവർക്കെതിരെ ഇഡി അന്വേഷണം പുരോഗമിക്കുകയാണ്. ഈ പ്രചാരണങ്ങളിലൂടെ വലിയ തുകയുടെ ഇടപാടുകൾ നടന്നിട്ടുണ്ടാവാമെന്നും അത് കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ടതാകാമെന്നും അന്വേഷണ ഉദ്യോഗസ്ഥർ സംശയിക്കുന്നുണ്ട് എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.