കലാഭവൻ നവാസിന് വിട പറഞ്ഞ് സിനിമാലോകം; ഖബറടക്കം പൂർത്തിയായി

നടനും മിമിക്രി കലാകാരനുമായ കലാഭവന്‍ നവാസിന് വിട പറഞ്ഞ് സിനിമാലോകം. നടന്റെ ഖബറടക്കം പൂർത്തിയായി. ഹൃദയാഘാതം മൂലമാണ് മരണം എന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. പോസ്റ്റ്മോർട്ടത്തിന് ശേഷം ആലുവ ചൂണ്ടിയിലുള്ള വീട്ടിലേക്ക് മൃതദേഹം കൊണ്ടുപോയി നവാസിന് ബന്ധുക്കൾ അന്ത്യാഞ്ജലി അർപ്പിച്ചു. ആലുവ സെൻട്രൽ ജുമാ മസ്ജിദിലെ പൊതുദർശനത്തിന് ശേഷമാണ് സെൻട്രൽ ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കിയത്.

ഇന്നലെ രാത്രിയാണ് ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ ബോധരഹിതനായ നിലയിൽ നവാസിനെ കണ്ടെത്തിയത്. തുടർന്ന് ചോറ്റാനിക്കര ടാറ്റ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. പ്രകമ്പനം എന്ന സിനിമയുടെ ചിത്രീകരണത്തിനാണ് നവാസ് ചോറ്റാനിക്കരയിൽ എത്തിയത്. ഷൂട്ടിങ്ങ് കഴിഞ്ഞ് റൂമിൽ വിശ്രമിക്കുന്ന സമയത്ത് രാത്രിയാണ് നവാസിനെ മുറിയിൽ കുഴഞ്ഞുവീണ നിലയിൽ കണ്ടെത്തുന്നത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ചലച്ചിത്ര നടനായിരുന്ന അബൂബക്കറിന്റെ മകനാണ് കലാഭവൻ നവാസ്. ഭാര്യ രെഹ്നയും സിനിമാതാരമാണ്. മറിമായം എന്ന ടിവി പരിപാടിയിലെ കോയ എന്ന കഥാപാത്രം അവതരിപ്പിച്ച് ശ്രദ്ധേയനായ നിയാസ് ബക്കറാണ് സഹോദരൻ. ഒരിടവേളയ്ക്ക് ശേഷം സിനിമയിൽ സജീവമാകവെയാണ് നവാസിൻറെ വിയോഗം. ഇന്നും നാളെയും ഷൂട്ടിംഗ് ഇല്ലാത്തതിനാൽ വീട്ടിലേക്ക് മടങ്ങാനുള്ള തയ്യാറെടുപ്പിലായിരുന്നു നടൻ.1995-ൽ ചൈതന്യം എന്ന ചിത്രത്തിലൂടെ സിനിമയിൽ അരങ്ങേറ്റം കുറിച്ച നവാസ് കലാഭവന്റെ സ്റ്റേജ് പരിപാടികളിലൂടെയാണ് ശ്രദ്ധേയനായത്.

മിസ്റ്റർ ആൻഡ് മിസ്സിസ്, ചൈതന്യം, മിമിക്സ് ആക്ഷൻ 500, ഏഴരക്കൂട്ടം, ജൂനിയർ മാൻഡ്രേക്ക്, ഹിറ്റ്ലർ ബ്രദേഴ്സ്, ബസ് കണ്ടക്ടർ, കിടിലോൽ കിടിലം, മായാജാലം, മീനാക്ഷി കല്യാണം, മാട്ടുപ്പെട്ടിമച്ചാൻ, അമ്മ അമ്മായിയമ്മ, മൈ ഡിയർ കരടി, ചന്ദാമാമ, വൺമാൻ ഷോ, തില്ലാന തില്ലാന, വെട്ടം, ചക്കരമുത്ത്, ചട്ടമ്പിനാട്, തത്സമയം ഒരു പെൺകുട്ടി, മൈലാഞ്ചി മൊഞ്ചുള്ള വീട്, മേരാനാം ഷാജി തുടങ്ങിയവയാണ് നിയാസ് അഭിനയിച്ച ചിത്രങ്ങൾ.

More Stories from this section

family-dental
witywide