വേടന്‍ വലയിലായത് കഞ്ചാവ് വലിക്കുന്നതിനിടെ, കഞ്ചാവ് പൊടിക്കാനുള്ള ക്രഷറും ചുരുട്ടാനുള്ള പേപ്പറും ത്രാസും ഉള്‍പ്പെടെ പിടിച്ചെടുത്തു- എഫ്‌ഐആര്‍ റിപ്പോര്‍ട്ട്

കൊച്ചി: പ്രശസ്ത യുവ റാപ്പര്‍ വേടന്‍ വലയിലായത് കൃത്യമായ തെളിവുകള്‍ ഉള്‍പ്പെടെയെന്ന് പൊലീസ് എഫ്‌ഐആര്‍ റിപ്പോര്‍ട്ട്. വേടനെന്ന് അറിയപ്പെടുന്ന ഹിരണ്‍ദാസിനെ പിടികൂടിയത് കഞ്ചാവ് വലിക്കുന്നതിനിടെ ആണെന്നാണ് എഫ്‌ഐആറില്‍ പറയുന്നത്. മാത്രമല്ല, കഞ്ചാവ് പൊടിക്കാനുള്ള ക്രഷറും ചുരുട്ടാനുള്ള പേപ്പറും ത്രാസും അടക്കം ഇയാളുടെ ഫ്‌ളാറ്റില്‍ നിന്ന് കണ്ടെടുത്തുവെന്നും കഞ്ചാവ് വലിക്കുന്നതിനിടെ ആണ് വേടനും സംഘവും പിടിയിലായത് എന്നുമാണ് എഫ്ഐആറിലുള്ളത്. വേടനും സംഘവും കഞ്ചാവ് വാങ്ങിയത് ചാലക്കുടിയിലെ ആഷിഖ് എന്ന വ്യക്തിയില്‍ നിന്നാണെന്നും എഫ്‌ഐആറില്‍ പറയുന്നു.

കഞ്ചാവ് കൈവശം വച്ചതിന് വേടനെയും റാപ് സംഘത്തിലെ അംഗങ്ങളായ മറ്റ് എട്ട് പേരെയുമാണ് ഇന്നലെ പൊലീസ് അറസ്റ്റ് ചെയ്തത്. ഫ്‌ലാറ്റില്‍ നിന്ന് 6 ഗ്രാം കഞ്ചാവും 9.5 ലക്ഷം രൂപയും പൊലീസ് കണ്ടെടുത്തു. നിരവധി മൊബൈല്‍ ഫോണുകളും പൊലീസ് പിടിച്ചെടുത്തിരുന്നു. വേടന്റെ ഫ്‌ളാറ്റില്‍ നിന്ന് ആയുധങ്ങള്‍ കണ്ടെത്തിയതില്‍ പൊലീസ് ഇതുവരെ കേസ് എടുത്തിട്ടില്ല.

More Stories from this section

family-dental
witywide