
പൃഥ്വിരാജ് സുകുമാരൻ നായകനായി എത്തുന്ന വിലായത്ത് ബുദ്ധയിലെ ആദ്യ ഗാനം പുറത്ത്. പൃഥ്വിരാജും, പ്രിയംവദാ കൃഷ്ണനും അഭിനയിച്ചിരിക്കുന്ന ‘കാട്ടുറാസാ’ എന്ന ഗാനമാണ് പുറത്തിറങ്ങിയിരിക്കുന്നത്. ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായ ഡബിൾ മോഹനെ അവതരിപ്പിക്കുന്ന പൃഥ്വിരാജ് സുകുമാരൻ്റെ ജന്മദിനത്തോട് അനുബന്ധിച്ചാണ് ചിത്രത്തിൻ്റെ അണിയറ പ്രവർത്തകർ ഗാനം പുറത്തുവിട്ടിരിക്കുന്നത്.
ഗാനം ആലപിച്ചിരിക്കുന്നത് വിജയ് യേശുദാസും, പാർവ്വതി മീനാക്ഷിയും ചേർന്നാണ്. വിനായക് ശശികുമാർ രചിച്ച ഗാനത്തിന്റെ സംഗീത സംവിധാനം ജെയ്ക് ബിജോയ് ആണ് നിർവഹിച്ചിരിക്കുന്നത്. കഥാകൃത്ത് ജി.ആർ. ഇന്ദുഗോപൻ്റെ പ്രശസ്തമായ വിലായത്ത് ബുദ്ധ എന്ന നോവലിനെ ആസ്പദമാക്കി ഒരുങ്ങുന്ന ഈ ചിത്രത്തിന് ജി.ആർ.ഇന്ദ്യ ഗോപനും രാജേഷ് പിന്നാടനും ചേർന്നാണ് തിരക്കഥ രചിച്ചിരിക്കുന്നത്.
നവാഗതനായ ജയൻ നമ്പ്യാരാണ് സംവിധാനം ചെയ്യുന്ന ചിത്രം ഉർവ്വശി തീയേറ്റേഴ്സ് ഇൻ അസ്സോസ്സിയേഷൻ വിത്ത് ഏ.വി.എ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ സന്ധീപ് സേനനും , ഏ.വി.അനൂപും ചേർന്നാണ് നിർമ്മിക്കുന്നത്. അനുമോഹൻ, കിരൺ പീതാംബരൻ, അടാട്ട് ഗോപാലൻ, പ്രമോദ് വെളിയനാട്, വിനോദ് തോമസ്,ടീ. ജെ. അരുണാചലം, അരവിന്ദ്, മണികണ്ഠൻ, സന്തോഷ് ദാമോദരൻ, ടി.എസ്.കെ. രാജശീ നായർ, തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഛായാഗ്രഹണം അരവിന്ദ് കശ്യപ് ആണ്.